മഴ: വീടുതകർന്നു, ഗതാഗതതടസം
1339343
Saturday, September 30, 2023 12:58 AM IST
കാഞ്ഞാണി: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ മണലൂർ പഞ്ചായത്തിലെ 10 വീടുകൾ വെള്ളക്കെട്ടിൽ. അഞ്ചാം വാർഡിലെ വിജയൻ, വേലായുധൻ, കാട്ടിര സുരൻ, കുനിയത്ത് ഗുരുസ്വാമി, കൊടയ്ക്കാട്ടിൽ രാജീവ്, കുറുപ്പംവീട്ടിൽ ദമയന്തി, കരിപ്പായി ഭഗീഷ്, കക്കാടത്ത് മുരളി, വാതുകാട്ടിൽ ശാന്തകുമാരി, കോൽകാട്ടിൽ ഭാരതി, ചന്ദ്രിക എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ഒന്നരവർഷം മുമ്പ് അംബേദ്കർ കോളനിക്ക് സമീപം അശാസ്ത്രീയമായി നിർമ്മിച്ച കാന കോളനിവാസികളുടെ ജീവിതം ദുരിതമാക്കിയെന്ന് പ്രദേശവാസികൾ പറയുന്നു. ഭൂരിഭാഗം വീട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും കൂലിപണിക്കാരരുമാണ്.
സമീപത്തെ കെഎൽഡിസി കനാലിൽ കെട്ടികിടക്കുന്ന കുളവാഴയും ചണ്ടിയും അതിനുമുകളിൽ വീണ് കിടക്കുന്ന വൃക്ഷ തലപ്പുകളും വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചതും വിനയായി. മുൻ ഭരണസമിതിയുടെ കാലത്ത് വർഷകാലമെത്തും മുന്നേ തോടുകളും കനാലുകളും കരാറുകാരെ വെച്ച് വൃത്തിയാക്കിയിരുന്നു. നിലവിലെ ഭരണസമിതി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയില്ലെന്നാക്ഷേപമുണ്ട്. അടിയന്തിര ഇടപെടൽ നടത്തി നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കിൽ ആമ്പതോളം വീടുകൾ കൂടി വെള്ളത്തിലാകുമെന്ന ഭീതിയിലാണ് പ്രദേശ വാസികൾ.
ചാവക്കാട്: ശക്തമായ മഴയിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തൊട്ടാപ്പ് ബദർ പള്ളിക്കു കിഴക്കുവശം കുഞ്ഞാത്തൻ ശ്രീനിവാസൻ ഭാര്യ രമണി(60)ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് സംഭവം. ശ്രീനിവാസനും മകൻ സന്തോഷ്, മകൾ ശ്രീജ, ശ്രീജയുടെ മകൻ അമർനാഥ് എന്നിവരും വീട്ടിലുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. വീടിന്റെ നടുമുറിയിലാണ് രമണി കിടന്നിരുന്നത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃക്കൂര്: ഭരത ആനക്കുന്ന് റോഡില്‍ പുളിമരം വീണ് ഗതാഗതം തടസപ്പെട്ടു.
ഇറിഗേഷന്‍ കനാല്‍ പുറമ്പോക്കില്‍ നിന്നിരുന്ന കൂറ്റന്‍ പുളിമരമാണ് റോഡിലേക്ക് കടപുഴകി വീണത്. ഇന്നലെ രാവിലെയുണ്ടയ ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്.
തൃക്കൂര് പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഉച്ചയ്ക്കുശേഷം ഇതിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.