കൈരളി - ദീപിക ഓണപ്പൂക്കളമത്സരം : വർണക്കാഴ്ചകളൊരുക്കി
1451674
Sunday, September 8, 2024 6:40 AM IST
തൃശൂർ: ദീപികയും കൈരളി അഗ്രിക്കൾച്ചർ ആൻഡ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നൊരുക്കിയ കൈരളി - ദീപിക ഓണപ്പൂക്കളമത്സരത്തിൽ ഡ്രീം ക്രിയേഷൻ ചെങ്ങാലൂർ ജേതാക്കളായി. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ബട്ടർഫ്ലൈ നെല്ലങ്കരയും പുറനാട്ടുകര കെസിവൈഎമ്മും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ പൂക്കൾകൊണ്ടുള്ള വർണക്കാഴ്ചകൾ തീർത്ത പൂക്കളങ്ങളിൽ മുതിർന്നവരും കുട്ടികളും ഒരേ ആവേശത്തോടെ ഒത്തൊരുമിച്ചപ്പോൾ കളികൾ നിറയുന്ന തോപ്പ് ഇൻഡോർ സ്റ്റേഡിയം പൂക്കളുടെ വർണാഭ അരങ്ങായി മാറി.
ചിത്രകല അധ്യാപകനും സംസ്ഥാന കലാസാഹിത്യ പുരസ്കാരജേതാവുമായ ജോണ്സണ് നന്പഴിക്കാട്, പിക്സണ് ചാക്കോ എന്നിവർ വിധികർത്താകളായി. ഒന്നാംസ്ഥാനം നേടിയ ഡ്രീം ക്രിയേഷൻ ചെങ്ങാലൂരിനു 15,000 രൂപയും ട്രോഫിയും കൈരളി അഗ്രിക്കൾച്ചർ ആൻഡ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ കെ.വി. അശോകൻ സമ്മാനിച്ചു. 12,000 രൂപയും ട്രോഫിയും അടങ്ങുന്ന രണ്ടാംസമ്മാനം ബട്ടർഫ്ലൈ നെല്ലങ്കരയ്ക്ക് കെ.വി. അശോകനും സൊസൈറ്റി ഡയറക്ടർ ജെസ്ലിൻ ജെയിംസും ചേർന്നു സമ്മാനിച്ചു. 10,000 രൂപയും ട്രോഫിയും അടങ്ങുന്ന മൂന്നാംസമ്മാനം പുറനാട്ടുകര കെസിവൈഎമ്മിനു കെ.വി.അശോകനും സൊസൈറ്റി ഡയറക്ടർ ജിഷ രാജുവും ചേർന്നു സമ്മാനിച്ചു.
മികച്ച അഞ്ചു ടീമുകൾക്കു കാഷ് പ്രൈസും പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹനസമ്മാനവും വിതരണം ചെയ്തു. സൊസൈറ്റി പ്രമോട്ടർ ദേവാനന്ദ്, ദീപിക റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, ദീപിക മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ ഫാ. ജിയോ ചെരടായി, എഡിറ്റോറിയൽ കോ ഓർഡിനേറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി എന്നിവരും സന്നിഹിതരായിരുന്നു. മത്സരത്തിനുശേഷം പൊതുജനങ്ങൾക്കു പൂക്കളങ്ങൾ കാണാനും അവസരം ഒരുക്കിയിരുന്നു.
സ്വന്തം ലേഖകൻ