ഭൂമിതർക്കം: കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം
1458682
Thursday, October 3, 2024 6:30 AM IST
ചാവക്കാട്: നഗരസഭയില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിനായി ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട അജൻഡയില്‍ കൃത്രിമം കാണച്ചെന്ന് ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. 11-ാം വാര്‍ഡില്‍ സ്വകാര്യവ്യക്തി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിനു ഭൂമി വിട്ടുനല്‍കുന്ന അജൻഡ കൗണ്‍സിലിൽ ചർച്ചയ്ക്കു വന്നപ്പോഴാണ് യുഡിഎഫ് ബഹളം വച്ചത്. ഭൂമി വിട്ടുനല്‍കുന്നതിനായി സ്വകാര്യവ്യക്തി ഉന്നയിച്ച ഉപാധികള്‍ കാണിക്കുന്ന രേഖ മറച്ചുവച്ച് അജൻഡയില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍ കെ.വി. സത്താറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രംഗത്തെത്തിയത്.
സ്വകാര്യവ്യക്തിയുടെ ഉപാധികള്‍ രേഖപ്പെടുത്തിയ ആധികാരികരേഖ കാണണമെന്നു സത്താര്‍ ആവശ്യപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥന് വാര്‍ഡിലെ കൗണ്‍സിലര്‍ മുഖാന്തരം നഗരസഭയ്ക്കു നല്കിയ ഉഭയകക്ഷി കരാര്‍ പൂഴ്ത്തിവച്ച് തെറ്റായ വീട്ടുപേരും ഭൂമിയുടെ അളവും നല്കി കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇതേച്ചൊല്ലി എല്‍ഡിഎഫ് - യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ യോഗത്തില്‍ നടന്ന വാക്കേറ്റം ബഹളത്തിൽ കലാശിച്ചു.
എന്നാല്‍, ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുപരിപാടിയില്‍ സ്വകാര്യവ്യക്തി ഗുരുവായൂര്‍ എംഎല്‍എക്ക് ആധാരം കൈമാറിയിട്ടുണ്ടെന്നും അതിലെ വിവരങ്ങളാണ് അജൻഡയില്‍ ഉള്ളതെന്നും യുഡിഎഫ് തെറ്റായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നതെന്നും വാര്‍ഡ് കൗണ്‍സിലര്‍ അക്ബര്‍ കോനോത്ത് പറഞ്ഞു.
ഒടുവില്‍ ഭൂമി വിട്ടുനല്‍കുന്ന ആധികാരികരേഖ ഉടമസ്ഥന് കൈമാറുന്ന മുറയ്ക്കുമാത്രമെ ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കൂവെന്ന് ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് പറഞ്ഞു. ഭൂമി നിരുപാധികം സൗജന്യമായി നല്കുന്ന മുറയ്ക്ക് ഏറ്റെടുക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ എം.ആര്. രാധാകൃഷ്ണന്, ബേബി ഫ്രാന്‍സിസ്, ഷാഹിദാ മുഹമ്മദ്, പി.എസ്. അബ്ദുല്‍ റഷീദ്, ജോയ്സി ആന്റണി തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെടുത്തു.