ഇതു കഠിനം; കണ്ണീരുപോലുമില്ലാത്തവരാണ് : ചീഫ് സെക്രട്ടറിക്കു മുൻപിൽ പരാതി പ്രളയം
Tuesday, October 15, 2024 2:06 AM IST
ബിനു ജോർജ്
കോഴിക്കോട്: മലയോര മേഖലയായ വിലങ്ങാടിന്റെ നെഞ്ചിൽ ചോരച്ചാലൊഴുക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്നേക്ക് 78 ദിവസം.
ഇത്രയും ദിവസങ്ങളായിട്ടും സർക്കാർ തലത്തിൽ എന്ത് ആശ്വാസപ്രവർത്തനമാണ് അവിടെ നടന്നതെന്നു ചോദിച്ചാൽ ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കും നൽകിയ നാമമാത്ര ധനസഹായമാണ് അവകാശപ്പെടാനുള്ളത്.
വീട് നശിച്ചവർക്ക് സർക്കാർ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചത് 10,000 രൂപ. പക്ഷെ നൽകിയതു 5000 രൂപ മാത്രം. അതും അർഹരായ എല്ലാവരെയും പരിഗണിച്ചുമില്ല. ഒരുകുടുംബത്തിനു പോലും 10,000 രൂപ തികച്ചു നൽകാൻ സർക്കാർ തയാറായിട്ടില്ല.
ഉരുൾപൊട്ടലിൽ വീടും ജീവനോപാധികളും നശിച്ചവർക്ക് ദിവസം 300 രൂപ വീതം വേതനം പ്രഖ്യാപിച്ചതും ഒറ്റ മാസത്തോടെ നിലച്ചു. ഓഗസ്റ്റിനുശേഷം 300 രൂപ നൽകിയില്ലെന്നു മാത്രമല്ല, മറ്റൊരു രീതിയിലും സഹായം എത്തിക്കാൻ ശ്രദ്ധിച്ചിട്ടുമില്ല.
ഏകദേശം 200ൽ അധികം കുടുംബങ്ങളാണ് ഉരുൾപൊട്ടലിന്റെ ദുരിതം പേറി ജീവിക്കുന്നത്. ഉടുവസ്ത്രമൊഴികെ മറ്റെല്ലാം നഷ്ടമായവരടക്കമുള്ള കുടുംബങ്ങൾ ജീവനൊടുക്കാതെ പിടിച്ചു നിൽക്കുന്നത് സമുദായ, സന്നദ്ധ സംഘടനകളുടെ ഇടപെടൽകൊണ്ടു മാത്രമാണ്. വാടക വീടുകളിലേക്കു മാറിയവരിലേറെയും അപകടാവസ്ഥയിലേക്കുള്ള പഴയ വീടുകളിലേക്കു മാറിക്കഴിഞ്ഞു. വീട്ടുടമകൾക്ക് സർക്കാർ വാടക നൽകിയിട്ടില്ല.
വാടക ലഭിക്കാത്തതിന്റെ അനിഷ്ടം പേറുന്ന മുഖങ്ങൾ കാണുന്നതിലും അപകടാവസ്ഥയിലുള്ള വീടുകളിൽതന്നെ താമസിക്കുന്നതാണ് ഭേദമെന്നു ദുരിതബാധിത കുടുംബങ്ങൾ പറയുന്നു. എന്തിനിങ്ങനെ ആർക്കും വേണ്ടാതെ ജീവിക്കണമെന്ന തോന്നൽ ദുരിതബാധിതരിൽ സൃഷ്ടിക്കുംവിധമാണ് വിലങ്ങാടിനോടു സർക്കാർ കാണിക്കുന്ന അവഗണന.
ഇന്നലെ വിലങ്ങാട് സന്ദർശനത്തിനെത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ദുരിതബാധിതരുടെ പരാതി പ്രളയങ്ങൾക്കു മുൻപിൽ ശ്വാസം മുട്ടി. ദുരിതബാധിതരുടെ പരാതിയും പ്രതിഷേധവും കണക്കിലെടുത്തായിരുന്നു ചീഫ് സെക്രട്ടറിയുടെ സന്ദർശനം.
എന്തിനിങ്ങനെ ഞങ്ങളെ പരീക്ഷിക്കുന്നു; ഇതിലും നല്ലത് ഉരുൾപൊട്ടലിൽ തീരുകയായിരുന്നുവെന്ന ആളുകളുടെ വിലാപങ്ങൾക്കൊടുവിൽ, ഉരുൾപൊട്ടൽ ദുരിതബാധിതർക്കു സഹായം നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി പ്രഖ്യാപിക്കുകയായിരുന്നു.
ഉരുൾപൊട്ടൽ നാശനഷ്ടം സംബന്ധിച്ച് ഇനിയും കൃത്യമായ കണക്ക് അധികൃതരുടെ പക്കലില്ലെന്നാണ് ദുരിതബാധിതർ ചൂണ്ടിക്കാട്ടുന്നത്. വിവിധ വകുപ്പ് അധികൃതർ ആദ്യം നടത്തിയ പ്രാഥമിക വിവര ശേഖരണ റിപ്പോർട്ടിലെ നാശനഷ്ടക്കണക്ക് വെട്ടിക്കുറയ്ക്കാനാണ് നിലവിൽ രഹസ്യമായി കണക്കെടുപ്പ് നടത്തുന്നതെന്നും അതുകൊണ്ടാണ് സഹായം വൈകിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.