മതംമാറ്റ ആരോപണം: ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് മർദനമേറ്റു
Tuesday, August 12, 2025 3:01 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കറിൽ ക്രൈസ്തവ വിശ്വാസികൾക്കുനേരേ ആക്രമണം. കാങ്കറിലെ ഹവാച്ചുരിൽ ഞായറാഴ്ച പ്രാർഥനയ്ക്കുശേഷം തിരിച്ചുപോകുകയായിരുന്നു വിശ്വാസികളെ ഒരുസംഘം ആക്രമിക്കുകയായിരുന്നു.
സ്ത്രീകൾ ഉൾപ്പെടെ 36 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. എട്ട് കുടുംബങ്ങളിൽനിന്നുള്ളവരാണ് പരിക്കേറ്റവർ. ഇവർ പിന്നീട് തോടോകി പോലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
ഇരുഭാഗത്തിന്റെയും അവകാശവാദങ്ങൾ കേട്ടശേഷം പ്രാഥമികാന്വേഷണം നടത്തി കേസെടുക്കുമെന്നാണ് കാങ്കർ എസ്പിയുടെ വിശദീകരണം.
രണ്ടു ദിവസം മുന്പ് തലസ്ഥാനമായ റായ്പുരിലെ കുക്കർ ബേഡായിലെ ഒരു വീട്ടിൽ നടന്ന പ്രാർഥനയ്ക്കിടെ മതപരിവർത്തനം ആരോപിച്ചു ബജ്രംഗ്ദൾ പ്രവർത്തകർ വീട് വളയുകയും തുടർന്ന് സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. പോലീസ് ഇടപെട്ടാണു സംഘർഷസാഹചര്യം നിയന്ത്രിച്ചത്.