രൂപ കൂപ്പുകുത്തി
Friday, August 29, 2025 11:27 PM IST
മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ താഴ്ന്ന നിലയിലെത്തി. ചരിത്രത്തിൽ ആദ്യമായി രൂപ ഒരു ഡോളറിന് 88 എന്ന നിലയിലേക്ക് കൂപ്പുകുത്തി. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് രൂപയുടെ റിക്കാർഡ് ഇടിവ്.
87.73ൽ വ്യാപാരം തുടങ്ങിയ രൂപ 88.33 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 87.95 ആയിരുന്നു ഇതിനു മുന്‍പത്തെ വലിയ താഴ്ച. ഡോളർ വിൽപ്പനയിലൂടെ റിസർവ് ബാങ്കിന്റെ ഇടപെടൽ ഭാഗികമായി രൂപയുടെ തിരിച്ചുവരവിന് സഹായിച്ചു. അല്ലെങ്കിൽ രൂപയുടെ ഇടിവ് ഇതിലും വലുതായിരുന്നേനെ. ഡോളറിനെതിരേ ഇന്നലെത്തെ വ്യാപാരം 88.19 എന്ന നിലയിൽ അവസാനിച്ചു. വ്യാഴാഴ്ച 87.62 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം പരസ്പര തീരുവ ഏർപ്പെടുത്തിയതിനു പുറമെ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് ഇരട്ടി തീരുവ ചുമത്തുകയായിരുന്നു. ഇതോടെ ഇന്ത്യക്കു മേൽ 50 ശതമാനം തീരുവയായി.
യുഎസ് ഏർപ്പെടുത്തിയ അധികതീരുവയ്ക്കു പുറമെ ഇന്ത്യൻ ഓഹരിവിപണികളിൽനിന്നു വിദേശ നിക്ഷേപകരുടെ പിന്മാറ്റം, മാസാവസാനത്തെ എണ്ണ ആവശ്യകത ഉയർന്നത്, എണ്ണക്കന്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാരിൽനിന്ന് ഡോളറിന് വൻതോതിൽ ഡിമാൻഡ് ലഭിച്ചത് തുടങ്ങിയവ രൂപയ്ക്കു തിരിച്ചടിയായി. യുഎസ് പ്രസിഡന്റ്് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ കനത്ത തീരുവ മൂലം രാജ്യാന്തര വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമതയ്ക്കു കോട്ടംതട്ടുമെന്നാണ് വിലയിരുത്തൽ.
ഇത് ചൈനീസ് യുവാന്‍ രൂപയ്ക്കുമേൽ കൂടുതൽ കരുത്തും പകർന്നു. ഡോളറിനൊപ്പം യുവാനെതിരേയും രൂപയുടെ മൂല്യം 12.33 എന്ന റിക്കാർഡ് താഴ്ചയിലെത്തി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ അധിക തീരുവകൾ രാജ്യത്തിന്റെ വളർച്ചയെയും ആഭ്യന്തര ധനകാര്യത്തെയും ബാധിക്കുമെന്ന് നിക്ഷേപകർ വിലയിരുത്തി.
വാരാന്ത്യം തകർച്ച
തുടർച്ചയായ മൂന്നാം സെഷനിലും തിരിച്ചുവരാനാകാതെ ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 271 പോയിന്റും നിഫ്റ്റി 74 പോയിന്റും താഴ്ന്നാണ് വാരാന്ത്യം ക്ലോസ് ചെയ്തത്.
സെൻസെക്സ് 0.34 ശതമാനം താഴ്ന്ന് 79809.65ലും നിഫ്റ്റി 0.30 ശതമാനം നഷ്ടത്തിൽ 24426.85ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവയാണ് നിക്ഷേപകരുടെ മുഖംതിരിക്കലിന് കാരണം. ബിഎസ്ഇ മിഡ്കാപ് 0.41 ശതമാനവും സ്മോൾകാപ് 0.29 ശതമാനവും ഇടിവുണ്ടായി.
ഈ ആഴ്ച മാത്രം സെൻസെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തിന് മുകളിൽ താഴ്ന്നു. ജൂലൈക്കു ശേഷം സെൻസെക്സ് 4.5 ശതമാനമാണ് വീണത്. നിഫ്റ്റി 4.3 ശതമാനവും.
മേഖലാ സൂചികകളുടെ പ്രകടനം
എഫ്എംസിജി (0.95), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.15), മീഡിയ (0.35) സൂചികകൾ ഇന്നലെ നേട്ടം കൊയ്തു. ജിഎസ്ടി കുറയ്ക്കുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇത്തരം കന്പനികൾക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ജിഎസ്ടി ഇളവ് ഉപഭോഗം കൂട്ടുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
റിയാലിറ്റി (1.33), ഓയിൽ ആൻഡ് ഗ്യാസ് (1.01), ഐടി (0.87) സൂചികകൾ ഇന്നും കനത്ത വില്പന സമ്മർദം നേരിട്ടു.