രഞ്ജി ട്രോഫി 2025-26 സീസൺ : ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്; സഞ്ജു ടീമില്‍
Saturday, October 11, 2025 4:49 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി 2025-26 സീസണിനുള്ള കേരള ക്രിക്കറ്റ് ടീമിനെ കെസിഎ ഇന്നലെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ മുഹമ്മദ് അസ്ഹറുദ്ദീന് നയിക്കും. കഴിഞ്ഞ സീസണില്‍ വിട്ടുനിന്ന ഇന്ത്യന്‍ താരം സഞ്ജു സാംസണ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മിക്ക കളിക്കാരും ഇത്തവണയുമുണ്ട്. അസ്ഹറുദ്ദീനൊപ്പം സഞ്ജു, രോഹന് കുന്നുമ്മല്‍, സല്മാന് നിസാര്‍, അഹ്മദ് ഇമ്രാന്, ബാബ അപരാജിത്, വത്സല്‍ ഗോവിന്ദ്, ഷോണ്‍ റോജര്‍ എന്നിങ്ങനെ നീളുന്ന മികച്ച ബാറ്റിംഗ് നിരയാണ് കേരളത്തിന് ഇത്തവണയുള്ളത്. എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, അങ്കിത് ശര്‍മ, ഏദന്‍ ആപ്പിള്‍ ടോം എന്നിവരടങ്ങുന്ന ബൗളിങ് നിരയും കരുത്തുറ്റതാണ്.
എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര, ചണ്ഡിഗഡ്, മഹാരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച അമയ് ഖുറേസിയയാണ് ഇത്തവണത്തെയും ഹെഡ് കോച്ച്. നസീര്‍ മച്ചാനാണ് മാനേജര്‍.
സച്ചിന് ബേബി ഔട്ട്
ക്യാപ്റ്റന്‍ സ്ഥാനത്ത് സച്ചിന് ബേബിക്ക് പകരം മുഹമ്മദ് അസ്ഹറുദ്ദീന് എത്തിയതാണ് ശ്രദ്ധേയം. ഭാവി മുന്നില്‍കണ്ടുള്ള നീക്കമാണെന്നാണ് കെസിഎ വൃത്തങ്ങള്‍ ഈ നീക്കത്തിനു നല്കിയ വിശദ്ധീകരണം. രഞ്ജി ട്രോഫി ചരിത്രത്തില്‍ ആദ്യമായി 2024-25 സീസണില്‍ കേരളം ഫൈനല്‍ കളിച്ചത് സച്ചിന് ബേബിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

2025 ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖല ടീമിനെ നയിച്ചത് അസ്ഹറുദ്ദീനായിരുന്നു. കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും അസ്ഹറുദ്ദീന് തന്നെ.
വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് അതിഥിതാരം ബാബ അപരാജിതിനെ നിയോഗിച്ചതും ശ്രദ്ധേയം. തമിഴ്നാടുകാരന് ബാബ അപരാജിതിനൊപ്പം മധ്യപ്രദേശിന്റെ ഇടംകൈ സ്പിന്നര്‍ അങ്കിത് ശര്‍മയും ഇത്തവണ അതിഥിയായി കളത്തിലിറങ്ങും.
15നാണ് രഞ്ജി ട്രോഫിയുടെ 2025-26 സീസണ് തുടങ്ങുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍.
കേരള രഞ്ജി ട്രോഫി ടീം
മുഹമ്മദ് അസ്ഹറുദ്ദീന് (ക്യാപ്റ്റന്‍), ബാബ അപരാജിത് (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസന്, രോഹന് എസ്. കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, അക്ഷയ് ചന്ദ്രന്, സച്ചിന് ബേബി, സല്മാന് നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം, അഹമ്മദ് ഇമ്രാന്, ഷോണ്‍ റോജര്‍, അഭിഷേക് പി. നായര്‍.