ഡൽഹിയിൽ ട്രെയിനിൽനിന്നു തള്ളിയിട്ടു മലയാളിഡോക്ടറെ കൊലപ്പെടുത്തി
Sunday, April 21, 2019 3:31 AM IST
തൃശൂർ: പട്ടിക്കാട്ടെ ജനകീയ ഡോക്ടറെ ഡൽഹിയിൽ ട്രെയിനിൽനിന്നു മോഷ്ടാക്കൾ തള്ളിയിട്ടു കൊലപ്പെടുത്തി. പട്ടിക്കാട് പാണഞ്ചേരി എടക്കുന്നി വാരിയം ഇ. രുദ്രകുമാറിന്റെ ഭാര്യ ഡോ. തുളസി രുദ്രകുമാറാണ്(57) ദാരുണമായി കൊല്ലപ്പെട്ടത്.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനായി ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുമ്പോൾ കൈയിലുണ്ടായിരുന്ന ബാഗ് കവർച്ചക്കാർ പിടിച്ചുപറിച്ച് ഡോക്ടറെ പുറത്തേക്കു തള്ളിയിടുകയായിരുന്നു. ട്രാക്കിൽ വീണ ഡോ. തുളസി ട്രെയിൻ കയറി മരിച്ചു.
കീരംകുളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടെയും ശേഖരവാര്യരുടെയും മകളായ ഡോ. തുളസി മകൾ കാർത്തിക താമസിക്കുന്ന ഗുർഗാവിലേക്കു ഭർത്താവുമൊത്തു പോയതാണ്. ട്രെയിനിൽ ഭർത്താവ് രുദ്രകുമാറും മകൾ കാർത്തികയും മരുമകൻ പ്രക്ഷോഭും പ്രക്ഷോഭിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു. അവരെല്ലാം അല്പം മാറി മറ്റൊരു സീറ്റിൽ ഇരിക്കുകയായിരുന്നു. തുളസിക്കു ട്രെയിനിന്റെ വാതിലിനോടു ചേർന്നുള്ള സീറ്റാണ് കിട്ടിയത്. ബഹളം കേട്ട് രുദ്രകുമാറും മറ്റു ബന്ധുക്കളും എത്തുമ്പോഴേക്കും തുളസിയെ തള്ളിയിട്ട മോഷ്ടാക്കൾ ബാഗുമായി രക്ഷപ്പെട്ടിരുന്നു. റെയിൽവേ പോലീസ് എത്തി നടപടികൾ ആരംഭിച്ചു.
മൃതദേഹം രാത്രി പാണഞ്ചേരിയിലെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടുവളപ്പിൽ.
ഡോ. തുളസിയുടെ മക്കൾ: കരിഷ്മ, കാർത്തിക. മരുമക്കൾ: അലക്സ്, പ്രക്ഷോഭ്
മുപ്പതു വർഷമായി പട്ടിക്കാട് -പീച്ചി റോഡ് ജംഗ്ഷനിൽ തറവാട്ടുവീടിനോടു ചേർന്നു ക്ലിനിക് നടത്തിവരികയാണ് ഡോ. തുളസി. ചികിത്സ തേടിവരുന്ന രോഗികളിൽനിന്നു വെറും ഇരുപതുരൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. പാണഞ്ചേരിയുടെ ജനകീയ ഡോക്ടറാണ് ഡോ. തുളസി.