ഇൻഫാം പ്രവർത്തകസമ്മേളനം നാളെ വാഴക്കുളത്ത്
Thursday, August 22, 2019 12:21 AM IST
വാഴക്കുളം: തൊടുപുഴയിൽ നടക്കുന്ന ഇൻഫാം സംസ്ഥാന സമ്മേളനത്തിനു മുന്നൊരുക്കമായുള്ള പ്രവർത്തക സമ്മേളനം നാളെ വാഴക്കുളത്തു ചേരും. ഉച്ചകഴിഞ്ഞ് 2.30ന് വാഴക്കുളം ജ്വാല ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, ദേശീയ വൈസ് ചെയർമാൻ കെ. മൈതീൻ ഹാജി, സംസ്ഥാന സെക്രട്ടറി ഏബ്രഹാം മാത്യു, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. 501 അംഗ സംഘാടക സമിതിക്കു സമ്മേളനം രൂപംകൊടുക്കും.
സ്വർണപ്പണയത്തിനുമേൽ കാർഷിക വായ്പ തുടരാനുള്ള ബാങ്കേഴ്സ് സമിതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
പ്രകൃതി ദുരന്തത്തെത്തുടർന്നു സംസ്ഥാന സർക്കാർ നിരോധിച്ച ക്വാറികളും പാറമടകളും വീണ്ടും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകിയിരിക്കുന്പോൾ പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നത് കർഷകരാണെന്നുള്ള പരിസ്ഥിതിവാദികളുടെ ആരോപണം പൊളിയുകയാണെന്ന് ഇൻഫാം ഭാരവാഹികൾ ആരോപിച്ചു.