മാധ്യമ അധിക്ഷേപം; തൃശൂരിൽ ഇന്നു സന്യസ്ത സംഗമം
Saturday, September 21, 2019 12:24 AM IST
തൃശൂർ: സമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവിൽ സംഘടിതമായി സഭാ സംവിധാനത്തെയും സമർപ്പിതരെയും നിരന്തരമായി ആക്ഷേപിക്കുന്ന തെറ്റായ മാധ്യമ പ്രവണതയ്ക്കെതിരേ ഇന്നു തൃശൂരിൽ സന്യസ്തരുടെയും അല്മായരുടെയും സംഗമവും പ്രതിഷേധ പ്രകടനവും. ഉച്ചകഴിഞ്ഞു രണ്ടിനു കിഴക്കേക്കോട്ടയിലെ ഫാമിലി അപ്പോസ്തലേറ്റ് സെന്ററിലാണ് സംഗമം. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം അധ്യക്ഷനാകും. മാനന്തവാടി രൂപത പിആർഒ ഫാ. നോബിൾ പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്നു കിഴക്കേക്കോട്ടയിലേക്കു പ്രതിഷേധ പ്രകടനം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ, സിആർഐ പ്രസിഡന്റ് സിസ്റ്റർ റോസ് അനിത എഫ്സിസി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. മേരി റെജീന, കുടുംബക്കൂട്ടായ്മ ഏകോപന സമിതി സെക്രട്ടറി എ.എ. ആന്റണി, കത്തോലിക്കാ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി എൻ.പി. ജാക്സൻ തുടങ്ങിയവർ പ്രസംഗിക്കും.