കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം അട്ടിമറിക്കാൻ നീക്കം
Sunday, October 13, 2019 12:47 AM IST
ചങ്ങനാശേരി: കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം അട്ടിമറിക്കുന്നതിനെതിരേ പ്രതിഷേധവുമായി ഡ്രൈവർമാർ.
ദീർഘദൂര രാത്രികാല സൂപ്പർ ക്ലാസ് സർവീസുകളിൽ കണ്ടക്ടർ ലൈസൻസുള്ള രണ്ട് ഡ്രൈവർമാരെ അയയ്ക്കുന്ന ഡിസി സംവിധാനം ഇന്ത്യയിലാകമാനം നടപ്പാക്കിയിരുന്നെങ്കിലും കഴിഞ്ഞ മൂന്നു വർഷം മുന്പാണ് കേരളത്തിൽ നടപ്പിലാക്കിയത്. പതിനാറും പതിനെട്ടും മണിക്കൂർ സമയം ഒരു ഡ്രൈവർ തുടർച്ചയായി ഡ്യൂട്ടി ചെയ്യുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും യാത്രക്കാർക്കു സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സംവിധാനം നടപ്പാക്കിയത്.
മുൻ സിഎംഡിമാരുടെ കാലത്ത് ഈ സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഈ സംവിധാനം അട്ടിമറിക്കാൻ മാനേജ്മെന്റ് തലത്തിൽ തീവ്രശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. ഡ്രൈവർമാരുടെ എണ്ണക്കുറവു മൂലം ഡിസി സംവിധാനം നിർത്തലാക്കുന്നതായി കാണിച്ചു കഴിഞ്ഞ ദിവസം ഇഡി ഓപ്പറേഷൻ ഉത്തരവിറക്കിയതാണ് ഡ്രൈവർമാർക്കിടയിൽ പ്രതിഷേധം ഉയർത്തിയത്.
എന്നാൽ, സിഎംഡി നേരത്തെ ഇറക്കി നടപ്പിൽ വരുത്തിയ ഡിസി സംവിധാനം അതിൽ താഴെയുള്ള ഇഡി ഓപ്പറേഷൻ എന്ന ഉദ്യോഗസ്ഥൻ റദ്ദു ചെയ്തു ഉത്തരവിറക്കിയതു നിയമവിരുദ്ധവും നീതിക്കു നിരക്കാത്തതുമാണെന്നാണ് ഡ്രൈവേഴ്സ് യൂണിയൻ ആരോപിക്കുന്നു.
താമരശേരി- തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് കഴിഞ്ഞ ദിവസം പുലർച്ചെ ആലപ്പുഴയിൽ അപകടത്തിൽപ്പെട്ടത് ഡിസി ഡ്രൈവർമാരില്ലാത്തതു മൂലമാണെന്നു നേതാക്കൾ പറഞ്ഞു.
ബെന്നി ചിറയിൽ