കേരളത്തിൽനിന്നു പുതിയ ഒരു മത്സ്യംകൂടി
Tuesday, October 15, 2019 12:28 AM IST
പത്തനംതിട്ട: കേരളത്തിൽനിന്നു ശാസ്ത്രലോകത്തേക്കു പുതിയ ഒരു മത്സ്യംകൂടി. തിരുവല്ലയിൽനിന്നാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയതെന്നു ഗവേഷകർ അറിയിച്ചു.
മത്സ്യശാസ്ത്രജ്ഞനായ കൊല്ലം ചവറ ഗവണ്മെന്റ് കോളജ് സുവോളജി വിഭാഗം മേധാവി ഡോ. മാത്യൂസ് മാമ്മൂട്ടിലാണു പുതിയ മത്സ്യത്തെ കണ്ടെത്തി ശാസ്ത്രീയനാമം നൽകിയത്. പൂണ്ടിയസ് കൈഫസ് എന്നാണ് പരലിന്റെ പുതിയ സ്പീഷിസായ മത്സ്യത്തിനു നൽകിയിരിക്കുന്ന ശാസ്ത്രീയ നാമം. പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ ജേർണൽ ഓഫ് എക്സ്പിരിമെന്റൽ സുവോളജിയുടെ പുതിയ ലക്കത്തിൽ പുതിയ മത്സ്യത്തിന്റെ കണ്ടെത്തലും നാമകരണവും വിശദീകരിക്കുന്ന ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്പീഷിസ് നാമമായ കൈഫസ് ഗ്രീക്ക് ഭാഷയിൽനിന്നാണ് എടുത്തിട്ടുള്ളത്. ഉയർന്നിരിക്കുന്ന മുതുകുള്ളത് എന്നാണ് ഇതിനർഥം. മറ്റ് പരൽമത്സ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഇതിന്റെ മുതുകുഭാഗം അസാധാരണമായി ഉയർന്നുനിൽക്കുന്നതാണ്. മുതുകുചിറകിലെ രശ്മികൾ ബലരഹിതമായതുമാണ്.
നമ്മുടെ ജലാശയങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഉരുളൻ പരലുകളോടാണ് ഇവയ്ക്കു കൂടുതൽ സാമ്യം. എന്നാൽ, ശലകങ്ങളുടെ എണ്ണവും ശരീരത്തിന്റെ ഉയരവും ഇവയെ വ്യത്യസ്തമാക്കുന്നു. ഒന്പതു സെന്റിമീറ്റർ വരെ ഇവയ്ക്കു നീളമുണ്ടാകും.
പുതിയ മത്സ്യത്തെ മേഘാലയയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.