മന്ത്രി ജലീൽ രാജിവച്ച് ജുഡീഷൽ അന്വേഷണം നേരിടണം: ചെന്നിത്തല
Tuesday, October 15, 2019 12:28 AM IST
തിരുവനന്തപുരം:സംസ്ഥാനത്തെ സർവകലാശാലകളിൽ എല്ലാ നിയമങ്ങളും ലംഘിച്ചു തങ്ങളുടെ ഇഷ്ടക്കാർക്കു മാർക്കു ദാനം നൽകുന്നതിൽ നേരിട്ടു പങ്കുവഹിക്കുന്ന മന്ത്രി കെ.ടി.ജലീൽ രാജിവച്ചു ജുഡീഷൽ അന്വേഷണം നേരിടണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എംജി സർവകലാശാലയിൽ നടന്ന ഫയൽ അദാലത്തിൽ ഒരു സ്വാശ്രയ കോളജിലെ ബിടെക് വിദ്യാർഥിനി ഗ്രേസ് മാർക്ക് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അപേക്ഷ പരിഗണിക്കാനാവില്ലെന്നു സർവകലാശാല തീർപ്പു കൽപ്പിച്ചതിനു ശേഷം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ നേരിട്ടു പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഒരു മാർക്ക് കൂട്ടിയിട്ടു നൽകാൻ തീരുമാനിക്കുകയും ചെയ്തു.
അദാലത്തിനു മാർക്ക് കൂട്ടി നൽകാൻ അധികാരമില്ലാത്ത സാഹചര്യത്തിൽ അധികാര ദുർവിനിയോഗമാണു മന്ത്രി നടത്തിയിരിക്കുന്നതെന്നും ജുഡീഷൽ അന്വേഷണം നടന്നാലേ കൂടുതൽ കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.