എംഎൽഎ ഉൾപ്പെടെ പത്തു സിപിഐ നേതാക്കൾ കീഴടങ്ങി
Wednesday, October 23, 2019 12:51 AM IST
കൊച്ചി: എറണാകുളം ഡിഐജി ഓഫീസിലേക്കു നടത്തിയ സിപിഐ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ പാർട്ടി ജില്ലാ സെക്രട്ടറി പി. രാജു, എൽദോ ഏബ്രഹാം എംഎൽഎ ഉൾപ്പെടെ ഒന്നു മുതൽ പത്തുവരെയുള്ള പ്രതികൾ ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.
മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കാൻ വന്നുഎന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 15 ദിവസത്തേക്കു പ്രതികളെ റിമാൻഡ് ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിച്ചു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി. സൻജിത്ത്, മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ, എഐഎസ്എഫ് മുൻ ജില്ലാ സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, ഉദയംപേരൂർ ലോക്കൽ സെക്രട്ടറി ആൽവിൻ സേവ്യർ, പി.കെ. സതീഷ്കുമാർ, ജോണ് മുക്കത്ത് എന്നിവരാണു കീഴടങ്ങിയ മറ്റു പ്രതികൾ.