മുൾമുനയിൽ മുന്നണികൾ; ഇന്നു വോട്ടെണ്ണൽ
Thursday, October 24, 2019 1:30 AM IST
തിരുവനന്തപുരം: മുന്നണികളെയും സ്ഥാനാർഥികളെയും മുൾമുനയിൽ നിർത്തിയ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. അഞ്ചു മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും.
രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. വോട്ടെണ്ണൽ പൂർത്തിയായ ശേഷം ഓരോ മണ്ഡലത്തിലെയും അഞ്ചു പോളിംഗ് ബൂത്തുകളിലെ വിവി പാറ്റ് രസീതുകൾ എണ്ണി വോട്ടുകൾ ഒത്തു നോക്കിയതിനു ശേഷം മാത്രമേ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. എങ്കിലും വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാകുന്പോൾ തന്നെ ഫലം പുറത്തറിയും. തപാൽ വോട്ടുകളായിരിക്കും ആദ്യം എണ്ണുക.
ഉപതെരഞ്ഞെടുപ്പു നടന്ന അഞ്ചിൽ അരൂർ ഒഴികെ നാലും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇതെല്ലാം നിലനിർത്തുക എന്നത് യുഡിഎഫിന് ജീവന്മരണ പ്രശ്നമാണ്. അതു സാധിക്കുമെന്നും അരൂർകൂടി പിടിച്ചെടുക്കാനാകുമെന്നും അവർ പറയുന്പോൾ അരൂർ നിലനിർത്തി കുറഞ്ഞത് ഒരു സീറ്റ് കൂടിയെങ്കിലും പിടിച്ചെടുക്കാനാകുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു. മൂന്നു മണ്ഡലങ്ങളിൽ ബിജെപി നിർണായക ശക്തിയാണെങ്കിലും അവർ കാര്യമായ പ്രതീക്ഷ വച്ചു പുലർത്തുന്നില്ല.