പരന്പരാഗത കാനനപാതയിൽ രാത്രി യാത്രയ്ക്കു വിലക്ക്
Tuesday, November 12, 2019 11:17 PM IST
പത്തനംതിട്ട: എരുമേലിയിൽനിന്ന് അഴുത, കരിമല വഴി പന്പയിലേക്കുള്ള പരന്പരാഗത കാനനപാതയിൽ രാത്രി യാത്രയ്ക്കു വിലക്ക് ഏർപ്പെടുത്തുമെന്നു ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും രാത്രിയില്‍ തീര്‍ഥാടകര്‍ വനത്തില്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യതയും കണക്കിലെടുത്താണിത്. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ എരുമേലി, അഴുത എന്നിവിടങ്ങളിൽനിന്നു തീർഥാടകരുടെ യാത്ര വിലക്കും.
പരമ്പരാഗത കാനനപാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടില്ലെന്നു ജില്ലാ കളക്ടര്‍ പി. ബി. നൂഹ് പറഞ്ഞു. ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം അഴുതയില്‍നിന്ന് യാത്ര തിരിക്കുന്ന തീര്‍ഥാടകര്‍ പമ്പയില്‍ എത്തുമ്പോഴേക്കും രാത്രി 12 കഴിയും. കഴിഞ്ഞ വര്‍ഷം, രാത്രി ആറിനു ശേഷം തീര്‍ഥാടകര്‍ക്കു നേരേ ആനയുടെയും ഇഴ ജന്തുക്കളുടെയും ആക്രമണം പല തവണ സംഭവിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, തീര്‍ഥാടകരുടെ സുരക്ഷിത്വത്തിനു ഭീഷണി ഉള്ളതിനാല്‍, ഉച്ചകഴിഞ്ഞു കാനനപാതയിലൂടെ വിടുന്നത് അപകടകരമാണെന്നു വിലയിരുത്തിയാണു തീരുമാനം.