വൈകല്യങ്ങള്‍ക്കുള്ള ചികിത്സ: കരടു മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നൽകാൻ നിർദേശം
Thursday, January 16, 2020 11:37 PM IST
കൊച്ചി: ഓട്ടിസം ഉള്‍പ്പെടെയുള്ള ന്യൂറോ സംബന്ധമായ വൈകല്യങ്ങള്‍ക്കുള്ള ചികിത്സ നിയന്ത്രിക്കാനായി തയാറാക്കിയ കരട് മാനദണ്ഡങ്ങള്‍ക്കു പത്തു ദിവസത്തിനുള്ളില്‍ നിയമ നിര്‍മാണ വകുപ്പ് അംഗീകാരം നല്കാന് നടപടിയെടുക്കണമെന്നു ഹൈക്കോടതി. ഇതിനു കഴിഞ്ഞില്ലെങ്കില്‍ കോടതിക്ക് ഉചിതമായ ഉത്തരവു നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 2019 നവംബര്‍ 11ന് മുമ്പ് മാനദണ്ഡമുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കരട് തയാറാക്കി നിയമനിര്‍മാണ വകുപ്പിന്റെ പരിഗണനയ്ക്കു നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതിപ്പോഴും നിയമനിര്‍മാണ വകുപ്പിന്റെ പരിഗണനയിലാണെന്നു സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി. സംസ്ഥാനത്ത് കുട്ടികളിലെ ന്യൂറോ സംബന്ധമായ വൈകല്യങ്ങള്‍ക്കുള്ള ചികിത്സയെന്ന പേരില്‍ അശാസ്ത്രീയമായ ചികിത്സാ രീതി പലതും നിലവിലുണ്ടെന്നാരോപിച്ചു കടവന്ത്ര സ്വദേശിനി സീമ ലാല്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.