50,000 രൂപയുടെ നിരോധിത നോട്ടുകളുമായി വിദേശ വനിത പിടിയിൽ
Thursday, January 16, 2020 11:40 PM IST
നെടുന്പാശേരി: 50,000 രൂപയുടെ നിരോധിത നോട്ടുകളുമായി വിദേശവനിതയെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് വിഭാഗം പിടികൂടി.
കേരളത്തിൽ സന്ദർശനം നടത്തിയശേഷം സ്വദേശത്തേക്കു മടങ്ങാനെത്തിയ സ്വീഡിഷ് വനിതയായ കൽബർഗ് ആസമരിയ എന്ന 56 കാരിയാണ് പിടിയിലായത്. 51,500 രൂപയുടെ 1000, 500 എന്നീ നോട്ടുകളാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.
ബാഗേജ് എക്സ്റേ പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെത്തുടർന്നു തുറന്നു പരിശോധിച്ചപ്പോഴാണ് കറൻസി കണ്ടെത്തിയത്. ഇവരെ പിന്നീടു കസ്റ്റംസ് വിഭാഗത്തിനു കൈമാറി. 2014ൽ ഇന്ത്യയിൽ സന്ദർശനം നടത്തിയപ്പോൾ വാങ്ങിയ നോട്ടുകളാണ് ഇവയെന്നും നോട്ടുനിരോധനവിവരം അറിയാതെ ഇത്തവണ വന്നപ്പോൾ ഇതു കൈവശം വയ്ക്കുകയായിരുന്നെന്നുമാണ് ഇവർ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്.