മാവോയ്സ്റ്റ് ബന്ധം: പ്രതികളെ എൻഐഎ കോടതി റിമാൻഡ് ചെയ്തു
Thursday, January 16, 2020 11:48 PM IST
കൊച്ചി: മാവോയ്സ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് പന്തീരാംകാവിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നീ വിദ്യാർഥികളെ കൊച്ചി എൻഐഎ പ്രത്യേക കോടതി അടുത്തമാസം 17 വരെ റിമാൻഡ് ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇരുവരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടുന്നതിനായി കോടതിയിൽ എൻഐഎ സംഘം അപേക്ഷ സമർപ്പിച്ചു. ഇതിൽ നാളെ കോടതി വാദം കേട്ട് വിധി പ്രഖ്യാപിക്കും.
മാവോവാദി ബന്ധം ആരോപിച്ചു കഴിഞ്ഞ നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നു യുഎപിഎ ചുമത്തി ഇരുവരയെും അറസ്റ്റു ചെയ്തു. ഇവരുടെ ബാഗിൽനിന്നു മാവോവാദി അനൂകൂല ലഘുലേഖകകളും വീട്ടിൽ നടത്തിയ റെയ്ഡിൽ പെൻഡ്രൈവും ലാപ്ടോപ്പും സിം കാർഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തുവെന്നായിരുന്നു പോലീസ് പറഞ്ഞത്.
റിമാൻഡിൽ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നുവെങ്കിലും തള്ളിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം ചുമത്തിയ ഇരുവർക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകൾ കോടതി തള്ളിയത്. കഴിഞ്ഞ ഡിസംബർ 20ന് എൻഐഎ ഏറ്റെടുത്തശേഷം ആദ്യമായിട്ടാണ് കേസ് എൻഐഎ കോടതി പരിഗണിച്ചത്.