കളമശേരി ലിറ്റിൽ ഫ്ളവറിൽ "എൽഎഫ് നിർമിത 2020' ഉദ്ഘാടനം ഇന്ന്
Monday, January 20, 2020 12:34 AM IST
കൊച്ചി: അതിനൂതന സാങ്കേതികവിദ്യകളായ നിർമിതബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (എഐ, ഐഒടി) രംഗത്തു രാജ്യാന്തര നിലവാരമുള്ള പഠനസൗകര്യങ്ങളും കോഴ്സുകളും ഒരുക്കി കളമശേരി ലിറ്റിൽ ഫ്ളവർ എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. കോഴ്സുകളുടെ ഉദ്ഘാടനം (എൽഎഫ് നിർമിത 2020) വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ ഇന്നു നിർവഹിക്കും.
കട്ടിംഗ് എഡ്ജ് ടെക്നോളജിയെന്നു ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന നിർമിതബുദ്ധി, റോബോട്ടിക്സ്, മനുഷ്യ ഇടപെടൽ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നീ മേഖലകളിൽ വ്യവസായ പരിശീലനം നൽകുന്ന ആദ്യ ഐടിഐയാവുകയാണു ലിറ്റിൽ ഫ്ളവർ. ഐഐടി ഭുവനേശ്വർ സ്റ്റാർട്ടപ് സെന്ററിനു കീഴിലുള്ള സാക് റോബോട്ടിക്സ് ലാബ്, ഊർജ മാനേജ്മെന്റ്, ഓട്ടമേഷൻ വൈദഗ്ധ്യത്തിലൂടെ ആഗോളപ്രശസ്തി നേടിയ ഫ്രഞ്ച് സംരംഭം സ്നൈഡർ സെന്റർ ഓഫ് എക്സലൻസ്, നവീന സാങ്കേതിക മേഖലകളിലെ ഉന്നത പരിശീലന ശൃംഖലയായ ഇലക്ട്രോണിക്സ് ഫോർ യു ഗ്രൂപ്പ്, ചൈനയിലെ ലോഞ്ച് എന്നിവയുടെ സാങ്കേതിക പങ്കാളിത്തത്തോടെയാണു കോഴ്സുകൾ നടത്തുകയെന്ന് എൽഎഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോബി അശീതുപറന്പിൽ അറിയിച്ചു.
രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മോണ്. മാത്യു കല്ലിങ്കൽ, വർഗീസ് ചാണ്ടി, നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ മേധാവി സോബിൻസ് കുര്യാക്കോസ്, സ്കിപ്പ് ബംഗളൂരു എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഇ. ജോസഫ് സ്റ്റാൻലി, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോബി അശീതുപറന്പിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോ ജോർജ് കടുങ്ങാംപറന്പിൽ എന്നിവർ പ്രസംഗിക്കും.
ക്വാളിറ്റി മാനേജ്മെന്റ് നിർണയ വിദഗ്ധരായ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഐഎസ്ഒ 9001-2015 സർട്ടിഫിക്കറ്റ് ചടങ്ങിൽ കൈമാറും.