വെള്ളാപ്പള്ളി 90 ദിവസത്തിനുള്ളിൽ ജയിലിലാകും: സുഭാഷ് വാസു
Tuesday, January 28, 2020 12:14 AM IST
കായംകുളം: എസ്എൻഡിപി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ ഉടൻ ജയിലഴിക്കുള്ളിലാകുമെന്നു ബിഡിജെഎസിൽ നിന്നു പുറത്തായ മാവേലിക്കര എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡൻറ് സുഭാഷ് വാസു പറഞ്ഞു. 90 ദിവസത്തിനുള്ളിൽ വെള്ളാപ്പള്ളി ജയിലിലാകും. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിമാരിൽ ജയിലിൽ കിടന്ന ഏക വ്യക്തിയാകും വെള്ളാപ്പള്ളി. സ്വാമി ശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെണ്‍കുട്ടി എന്നിവരുടെ മരണം സംബന്ധിച്ച് ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് ചില കാര്യങ്ങൾ വെളിപ്പെടുത്തും.
എൻഡിഎ കണ്‍വീനർ സ്ഥാനത്തു നിന്നും തുഷാറിനെ മാറ്റി പകരം സുരേഷ്ബാബുവിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ നേതൃത്വത്തിന് കത്തു നൽകുമെന്നും സുഭാഷ് വാസു പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന കമ്മിറ്റിയിലെ 11 പേരിൽ പത്തുപേരും തന്നോടൊപ്പമാണെന്ന് സുഭാഷ് വാസു പറഞ്ഞു.
ബിജു കാക്കത്തോട്ടിൽ വയനാട്, സദാശിവൻ, സുരേഷ് ബാബു, വി.രാജീവ്, സി.ഡി. അനിൽ, സുധ അന്പാടി, ഡോ.ബാബു, മനോരഞ്ചൻ, ദാസ് കണ്ണൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. റ്റി.പി. സെൻകുമാറിന്റെ മകൻ അരുണ്‍ സെൻകുമാറും യോഗത്തിൽ പങ്കെടുത്തു.