മാൾട്ടയിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു
Wednesday, February 26, 2020 12:30 AM IST
മല്ലപ്പള്ളി: മാൾട്ടയിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. പുറമറ്റം ആര്യാട്ട് ലിബി ഭവനിൽ എ.ജെ. വർഗീസിന്റെയും മറിയാമ്മയുടെയും മകൾ സിനി വർഗീസാണ് (32) മരിച്ചത്. ഭർത്താവ് കൊല്ലം തേവലക്കര കല്ലൂർ അയ്യത്ത് വീട്ടിൽ കെ.ഒ. മോനിഷാണ് സിനിയുടെ മാതാവിനെ മരണവിവരം വിളിച്ചറിയിച്ചത്.
അപകടത്തിൽ മരിച്ചതായാണ് ആദ്യം പറഞ്ഞതെന്നും 20 മിനിറ്റിനുശേഷം മോനിഷ് വീണ്ടും വിളിച്ച് സിനി ജീവനൊടുക്കുകയായിരുന്നുവെന്നും അറിയിച്ചു. സംഭവത്തിനു രണ്ടു മണിക്കൂർ മുന്പും സിനി വീട്ടിലേക്ക് വിളിച്ചിരുന്നതായും പുതുതായി പണിയുന്ന വീടിന്റെ വിവരങ്ങൾ ആരാഞ്ഞിരുന്നതായും മാതാവ് പറഞ്ഞു.
മാർച്ച് പകുതിയോടെ നാട്ടിലെത്തി വീടിന്റെ കൂദാശ കർമം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തിവരികയായിരുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന്റെ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട് മാതാവ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മാത്യു ടി. തോമസ് എംഎൽഎ, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർക്ക് പരാതി നൽകി. ഭർത്താവ് മർദിക്കാറുള്ളതായി സിനി നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
ഇന്ന് രാവിലെ 7.55ന് നെടുമ്പാശേരിയിൽ നിന്ന് മൃതദേഹം ആർഡിഒയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി പോസ്റ്റ്മോർട്ടം നടത്തും. രണ്ടുവർഷം മുമ്പാണ് സിനിയും ഭർത്താവും മാൾട്ടിയിലെത്തിയത്. സെന്റ് വിൻസന്റ് ഡി പോൾ ഹോസ്പിറ്റൽ മാൾട്ടയിൽ നഴ്സാണ് സിനി. ഏകമകൻ ഒലിവർ. മോനിഷ് മാൾട്ടയിൽ മറ്റൊരു ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തുവരികയാണ്.