കർണാടകയുടെ നടപടി തിരുത്തണമെന്നു കേന്ദ്രത്തോടു കേരളം
Sunday, March 29, 2020 12:01 AM IST
തിരുവനന്തപുരം: കേരളത്തിലേക്കുള്ള അവശ്യസാധന നീക്കം തടയുന്ന കർണാടക സർക്കാരിന്റെ നടപടി തിരുത്താൻ പ്രധാനമന്ത്രി ഇടപെടണമെന്നു സംസ്ഥാന സർക്കാർ. തലശേരി –കുടക് സംസ്ഥാന പാത കർണാടക പോലീസ് അടച്ച നടപടി ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
റോഡുകൾ മണ്ണിട്ട് അടയ്ക്കരുതെന്നു കർണാടക ചീഫ് സെക്രട്ടറിയോടു കഴിഞ്ഞ ദിവസം സംസ്ഥാന ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഫലമുണ്ടാകാത്തതിനെത്തുടർന്നാണു രേഖാമൂലം കേരളം പരാതിപ്പെട്ടത്.
കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന പാതയാണിതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു തടസപ്പെട്ടാൽ ചരക്കു വാഹനങ്ങൾ മറ്റു പാതകളിലൂടെ ഏറെ ദൂരം യാത്ര ചെയ്തു കേരളത്തിലെത്തേണ്ടി വരും. ഇതു ജനങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ടാണ്ടാകും. ദേശീയ വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ ഭക്ഷ്യ സാധനങ്ങൾക്കു ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടി സംസ്ഥാനം സ്വീകരിക്കുന്നുണ്ട്. അവശ്യസാധന നീക്കം സ്തംഭിപ്പിക്കില്ലെന്നു പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയ കാര്യവും കത്തിൽ ചൂണ്ടിക്കാട്ടി.
അതുകൊണ്ട് അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ടു കർണാടകയിൽനിന്നു കേരളത്തിലേക്കു ചരക്കുനീക്കത്തിനുള്ള സാഹചര്യമൊരുക്കണമെന്നു പ്രധാനമന്ത്രിക്കു നൽകിയ കത്തിൽ പറയുന്നു.