‘വർഗീയശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം’
Tuesday, May 26, 2020 1:00 AM IST
തിരുവനന്തപുരം: കാലടി മണപ്പുറത്ത് സിനിമാ സെറ്റ് തകർത്തതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും സെറ്റ് തകർത്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് പള്ളിയുടെ മാതൃകയിൽ നിർമിച്ച സെറ്റാണ് തകർക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് രാഷ്ട്രീയ ബജരംഗ്ൾ പ്രവർത്തകർ സെറ്റ് തകർത്തത്.
കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് കാലടിയിൽ ഉണ്ടായതെന്നും പ്രതികൾക്കെതിരേ കർശന നടപടി വേണമെന്നും ചൂണ്ടിക്കാട്ടി സിനിമാ സംഘടനകൾ രംഗത്തെത്തിയിരുന്നു.
സെറ്റ് തകർത്തതിനെതിരേ സിനിമാ സംഘടനകൾ ആലുവ റൂറൽ എസ്പിക്ക് പരാതി നൽകുകയും ചെയ്തു. കാലടി ശിവരാത്രി ആഘോഷ സമിതിയും രംഗത്തെത്തിയിരുന്നു.