നിശബ്ദതയുടെ ലോകത്തു പുതുചരിത്രമെഴുതി ബ്രദര്‍ ജോസഫ്
Wednesday, May 27, 2020 12:21 AM IST
കൊച്ചി: ശബ്ദമില്ലാത്തവര്‍ക്കിടയില്‍നിന്നു സന്യാസജീവിതത്തിലേക്കുള്ള പ്രഥമവ്രതവാഗ്ദാനം നടത്തി അഭിമാനത്തിന്റെ ചരിത്രമായി ബ്രദര്‍ ജോസഫ് തേര്‍മഠം. ബധിരനായ ഒരു വൈദികാര്‍ഥി ഭാരതത്തില്‍ ആദ്യമായാണു സന്യാസവൈദികനാകുന്നതിനുള്ള വ്രതം സ്വീകരിക്കുന്നത്.
ഹോളിക്രോസ് ഫാദേഴ്സ് സന്യാസ സമൂഹത്തില്‍ അംഗമായി വൈദിക പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണു തൃശൂര്‍ അതിരൂപതയിലെ പേരാമംഗലം ഇടവകാംഗമായ ബ്രദര്‍ ജോസഫ് തേര്‍മഠം വ്രതവാഗ്ദാനം നടത്തിയത്. ഇനി ഹോളിക്രോസിന്റെ ദക്ഷിണേന്ത്യന്‍ പ്രോവിന്സിനു കീഴിലുള്ള കോട്ടയം അയ്മനത്തെ ബധിരര്‍ക്കായുള്ള മിനിസ്ട്രിയുടെ (നവധ്വനി) കേന്ദ്രത്തില്‍ പരിശീലനവും പ്രവര്‍ത്തനങ്ങളും നടത്തും.
ബധിരര്‍ക്ക് ആത്മീയശുശ്രൂഷകള്‍ ലഭ്യമാക്കുന്നതിനു ഫാ. ബിജു മൂലക്കരയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവധ്വനിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണു ജോസഫ് തേര്‍മഠം ഹോളിക്രോസ് സന്യാസ സമൂഹത്തിലേക്കെത്തുന്നത്. സാധാരണ വൈദികാര്ഥികള്ക്കൊപ്പം പൂന സെമിനാരിയിലും സേലം ഏര്‍ക്കാട് നൊവിഷ്യറ്റിലും പഠനം. സഹപാഠികളായ മറ്റു 11 സന്യാസാര്ഥികള്ക്കൊപ്പം ഏര്ക്കാടായിരുന്നു പ്രഥമ വ്രതവാഗ്ദാനം.
നാലു വര്‍ഷത്തെ പരിശീലനത്തിനുശേഷമാകും നിത്യവ്രതവാഗ്ദാനം. പേരാമംഗലം തേര്‍മഠം തോമസ്-റോസി ദന്പതികളുടെ ഇളയമകനാണു ബ്രദര്‍ ജോസഫ്. ബാങ്ക് ജീവനക്കാരനായ സഹോദരന് സ്റ്റാലിനും ബധിരനാണ്. ഏതാനും വര്‍ഷം അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷമാണു ജോസഫ് ഹോളിക്രോസില്‍ ചേരുന്നത്.
സിജോ പൈനാടത്ത്