മതഗ്രന്ഥം ഇറക്കുമതി: പാഴ്സൽ കൊണ്ടുപോയ ഡ്രൈവറെ കസ്റ്റംസ് ചോദ്യംചെയ്തു
Tuesday, September 22, 2020 1:18 AM IST
കൊച്ചി: നയതന്ത്ര പരിരക്ഷയോടെ മതഗ്രന്ഥങ്ങളും മറ്റും ഇറക്കുമതി ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍നിന്നു യുഎഇ കോണ്സലേറ്റിലേക്കു മതഗ്രന്ഥങ്ങളുടെ പാഴ്സല്‍ കൊണ്ടുപോയ ലോറി ഡ്രൈവറെയും ഉടമയെയും കസ്റ്റംസ് ഇന്നലെ ചോദ്യംചെയ്തു. മന്ത്രി കെ.ടി. ജലീലിനെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണു വിവരം.
ഇന്നലെ രാവിലെ 10 മുതലാണ് ലോറി ഉടമയെയും ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തത്. എന്തൊക്കെ വസ്തുക്കളാണ് പാഴ്സലുകളില്‍ ഉണ്ടായിരുന്നത്, എവിടേക്കാണ് ഇവ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് ഇവരോടു ചോദിച്ചത്. പാഴ്സലില്‍ എന്തായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്ന് ഇരുവരും മൊഴി നല്കി.
മന്ത്രി ചെയർമാനായ സി ആപ്റ്റിന്റെ വാഹനങ്ങള്‍ ഉപയോഗിച്ചാണ് മതഗ്രന്ഥങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോയതെന്നു കസ്റ്റംസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. സി ആപ്റ്റിന്റെ ഉദ്യോഗസ്ഥരെയും കസ്റ്റംസ് വൈകാതെ ചോദ്യം ചെയ്യും. യുഎഇ കോണ്സലേറ്റിലേക്കു കൊണ്ടുവന്ന 17,000 കിലോഗ്രാം ഈന്തപ്പഴത്തെക്കുറിച്ചും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
സംസ്ഥാന സാമൂഹികനീതി വകുപ്പിനു കീഴിലുള്ള സ്പെഷല്‍, ബഡ്സ് സ്കൂളുകളില്‍ 40,000ത്തോളം വിദ്യാർഥികൾക്ക് ഈന്തപ്പഴം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറില്‍ നടന്ന ഈന്തപ്പഴ വിതരണോദ്ഘാടന ചടങ്ങിൽ രാജ്യംവിട്ട കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബിയും സംഘാടകയായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും പങ്കെടുത്തിരുന്നു.
ഇത്രയും ഈന്തപ്പഴം എവിടെ വിതരണം ചെയ്തു എന്നതിന്റെ വിവരങ്ങൾ കസ്റ്റംസിനു കണ്ടെത്താനായിട്ടില്ല. ഇതിന്റെ കണക്ക് കസ്റ്റംസ് രേഖാമൂലം സംസ്ഥാന സാമൂഹികനീതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട വിവരങ്ങള്‍ 25നകം കൈമാറുമെന്നു വകുപ്പ് അറിയിച്ചു.
സ്വര്‍ണം പിടിച്ച ബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു. കോണ്സലേറ്റിലേക്കുള്ള സാധനങ്ങള്‍ എന്നപേരില്‍ പലതവണയായി വന്ന നയതന്ത്ര ബാഗേജുകളില്‍ 160 കിലോഗ്രാം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്. നയതന്ത്ര പരിരക്ഷയോടെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ കോണ്സലേറ്റിലെ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനു മാത്രമായുള്ളതാണ്. ഇവ പുറത്തേക്കു കൈമാറിയതോടെ നയതന്ത്ര പരിരക്ഷ ഇല്ലാതായി. മന്ത്രി ജലീലിനെ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ ലഭിച്ച തെളിവുകള്‍ ധാരാളം മതിയെന്നാണു കസ്റ്റംസിന്റെ വിലയിരുത്തൽ.
സംഭവത്തില്‍ കോണ്‍സല്‍ ജനറലിനെ അടക്കം ഉള്‍പ്പെടുത്തിയാണ് അന്വേഷണമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര അനുമതിയടക്കം ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടി സാധ്യമാകുകയുള്ളൂ. സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്കിയ ഹര്‍ജി ഇന്നു കോടതി പരിഗണിക്കും. ആദായനികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.