ഭാഗ്യലക്ഷ്മിക്കു പിന്തുണയുമായി ഫെഫ്ക
Monday, September 28, 2020 12:45 AM IST
കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ചലച്ചിത്ര മേഖലയിലെ സാങ്കേതക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മിക്ക് ഫെഫ്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, സൈബര്‍ലോകത്തെ ആണധികാരത്തിന്റെയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മിയാകട്ടെ ഇത്തരത്തില്‍ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും പ്രതിരൂപവുമാണ്. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റെയും ഉറച്ച നിലപാടുകളുടേയും ഉടമയായ അവര്‍ അപമാനിച്ചയാള്‍ക്കു നേരെ നടത്തിയ പ്രതികരണം നിഷ്ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ്.
നിയമം കൈയിലെടുക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, സൈബര്‍ സ്വാതന്ത്ര്യത്തിന്റെ മറവില്‍ നിരന്തരം വാക്കുകളാലും നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ എന്നും ഫെഫ്ക പ്രസ്താവനയിൽ വ്യക്തമാക്കി.