ഫാ. റുസലീയോ വിശുദ്ധ പദവിയിലേക്ക്
Sunday, November 1, 2020 12:55 AM IST
തൃശൂർ: വൊക്കേഷനിസ്റ്റ് സന്യാസിനി -സന്യാസ -അല്മായ സഭാ സമൂഹങ്ങളുടെ സ്ഥാപകനും ദൈവവിളികളുടെ നഴ്സറി പ്രചാരകനുമായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിൻ മരിയ റുസലീയോയുടെ നാമകരണത്തിനുള്ള അദ്ഭുതം അംഗീകരിച്ച് ഫ്രാൻസിസ് മാർപാപ്പ ഡിക്രിയിൽ ഒപ്പുവച്ചു. 2021 സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കും വിശുദ്ധപദവി പ്രഖ്യാപനം. 2016 ഏപ്രിൽ 21ന് ആഫ്രിക്കയിലെ മഡഗാസ്കറിലുള്ള ബ്രദർ ജീൻ എമിലെ റസലോഫോയുടെ അദ്ഭുത രോഗശാന്തിയാണ് വത്തിക്കാൻ അംഗീകരിച്ചത്.
1891 ജനുവരി 18ന് ഇറ്റലിയിലെ നേപ്പിൾസിലെ പിയന്നൂര എന്ന ചെറുപട്ടണത്തിലാണു ഫാ. ജസ്റ്റിന്റെ ജനനം.1920 സെപ്റ്റംബർ 20ന് സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻസ് എന്ന സന്യാസസമൂഹത്തിനു രൂപം കൊടുത്തു. 1955 ഓഗസ്റ്റ് രണ്ടിന് ഫാ. ജസ്റ്റിന്റെ ധന്യജീവിതത്തിനു സമാപ്തിയായി.
1997 ഡിസംബർ 18ന് അദ്ദേഹത്തിന്റെ വീരോചിത പുണ്യങ്ങൾ അംഗീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ധന്യപദവിയിലേക്കുയർത്തി. 2010 ജൂണ്‍ ഒന്നിന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.