റിച്ചാർഡ് ജോസഫിന് യുണൈറ്റഡ് വേ-റീച്ച് നാഷണൽ മീഡിയ ഫെലോഷിപ്
Sunday, November 22, 2020 11:31 PM IST
തിരുവനന്തപുരം: അമേരിക്കയിലെ വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ യുണൈറ്റഡ് വേയും യുനെസ്കോ അംഗീകാരമുള്ള ചെന്നൈയിലെ റിസോഴ്സ് ഗ്രൂപ്പ് ഫോർ എഡ്യൂക്കേഷൻ ആൻഡ് അഡ്വക്കസി ഫോർ കമ്യൂണിറ്റി ഹെൽത്തും ചേർന്ന് ഏർപ്പെടുത്തിയ നാഷണൽ മീഡിയ ഫെലോഷിപ് ദീപിക തിരുവനന്തപുരം യൂണിറ്റിലെ സ്റ്റാഫ് റിപ്പോർട്ടർ റിച്ചാർഡ് ജോസഫിന്.
കേരളത്തിലെ പൊതുജനാരോഗ്യം, പ്രാദേശിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചു പഠനം നടത്തുന്നതിനും റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുമായി 20,000 രൂപയുടെ ഫെലോഷിപ്പാണ് ലഭിക്കുക. ഫെലോഷിപ്പിന്റെ ഭാഗമായി ഹെൽത്ത് ജേർണലിസത്തിൽ പ്രത്യേക പരിശീലനം ലഭിക്കും. ദീപിക, രാഷ്ട്രദീപിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ആരോഗ്യസംബന്ധിയായ ലേഖനങ്ങളും ആരോഗ്യ പത്രപ്രവർത്തനത്തിലെ മികവുമാണ് റിച്ചാർഡ് ജോസഫിനെ ഫെലോഷിപ്പിന് അർഹനാക്കിയത്. ദേശീയ തലത്തിൽ 17 പത്രപ്രവർത്തകർ ഫെലോഷിപ്പിന് അർഹരായപ്പോൾ കേരളത്തിൽനിന്നും ഒരാൾക്കുമാത്രമാണ് ഫെലോഷിപ് ലഭിച്ചത്.
രാം നാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേർണലിസം നാഷണൽ അവാർഡ്, സ്റ്റേറ്റ്സ്മാൻ നാഷണൽ ജേർണലിസം അവാർഡ്, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ-സ്കിസോഫ്രീനിയ റിസേർച് ഫൗണ്ടേഷൻ നാഷണൽ മീഡിയ അവാർഡ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മീഡിയ അവാർഡ്, കെജിഎംഒഎ മാധ്യമ അവാർഡ്, യുഎസ് എയ്ഡ്-റീച്ച് നാഷണൽ മീഡിയ അവാർഡ്, ലാഡ്ലി നാഷണൽ മീഡിയ അവാർഡ്, കേരള മീഡിയ അക്കാദമി ഫെലോഷിപ് തുടങ്ങിയവ മുൻപു ലഭിച്ചിട്ടുണ്ട്.
ഇടുക്കി അടിമാലി ആയിരമേക്കർ തേക്കനാൽ ജോസഫിന്റെയും സിസിലിയുടെയും മകനാണ് റിച്ചാർഡ് ജോസഫ്. പാലക്കാട് നെന്മാറ ആലുങ്കൽ കുടുംബാംഗമായ സയോണ തോമസ് ആണ് ഭാര്യ. മക്കൾ: കാതറിൻ തെരേസ റിച്ചാർഡ്, കരോലിൻ മരിയ റിച്ചാർഡ്.