ആശങ്ക മാറി; ബുറേവി ദുർബലമായി
Saturday, December 5, 2020 1:45 AM IST
തിരുവനന്തപുരം: ഒന്നര ദിവസത്തോളം കേരളത്തെ ആശങ്കയിലാഴ്ത്തിയ ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയ്ക്കു തെക്കുകിഴക്കായി 40 കിലോമീറ്റർ അകലെ മാന്നാർ കടലിടുക്കിൽ വച്ച് തീവ്ര ന്യൂനമർദം കൂടുതൽ ദുർബലമായി മാറിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
90 കിലോമീറ്റർ വേഗത്തിൽ ശ്രീലങ്കൻ തീരത്ത് വീശിയ ചുഴലിക്കാറ്റിന്റെ വേഗം 50 മുതൽ 60 വരെ കിലോമീറ്ററായി കുറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ രാമനാഥപുരം കടന്നു തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങുന്ന ചുഴലിക്കാറ്റ് ന്യൂനമർദമായി കെട്ടടങ്ങുമെന്നാണു നിഗമനം.
കേരളത്തിലേക്കു പ്രവേശിക്കുന്പോൾ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ആയി കുറയും. ഇതോടെ ശക്തമായ മഴ ലഭിക്കുമെന്നല്ലാതെ മറ്റ് ആശങ്കകൾ ഒഴിവാകും. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ചില ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു.
സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
നാളെ എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂർ കൂടി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.