ഇടുക്കിക്ക് പാക്കേജ് 12,000 കോടി രൂപ
Friday, February 26, 2021 12:56 AM IST
കട്ടപ്പന: ഇടുക്കിക്ക് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത അഞ്ചുവർഷംകൊണ്ടാണ് പദ്ധതികൾ നടപ്പാക്കുക. കാർഷിക വരുമാനം വർധിപ്പിക്കൽ, മൂല്യവർധിത വ്യവസായങ്ങളുടെ പ്രോ ത്സാഹനം, ടൂറിസം വികസനം, പശ്ചാത്തല സൗകര്യങ്ങളുടെ വികസനം, ദാരിദ്ര്യനിർമാർജനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പദ്ധതികളാണ് ഇന്നലെ മുഖ്യമന്ത്രി കട്ടപ്പനയിൽ പ്രഖ്യാപിച്ചത്.
കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 100 കോടിയായി വർധിപ്പിക്കും. കുരുമുളക് പുനരുദ്ധാരണത്തിനു സബ്സിഡിയും ജാതി, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ പ്രോത്സാഹനത്തിനു പ്രത്യേക പദ്ധതികളും ആവിഷ്കരിക്കും. ഹൈറേഞ്ചിലെ സുഗന്ധവ്യഞ്ജനങ്ങൾ ബ്രാൻഡുചെയ്തു മാർക്കറ്റുചെയ്യുന്നതിനും ജില്ലയ്ക്ക് കാർബണ്‍ ന്യൂട്രൽ പദവി നേടിയെടുക്കുന്നതിനുമുള്ള പദ്ധതികൾ ആരംഭിക്കും. റബറിന്റെ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടും. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി വൈദ്യുതി വേലികളും കിടങ്ങുകളും മതിലുകളും നിർമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.