രണ്ടു ദിവസംകൂടി കാക്കുമെന്ന് ഗോപിനാഥ്; ഇപ്പ ശര്യാക്കാമെന്ന് സുധാകരന്
Sunday, March 7, 2021 12:49 AM IST
പാലക്കാട്: മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന്റെ പരാതിയിൽ രണ്ടു ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് കെ. സുധാകരൻ എംപി ഉറപ്പു നൽകി. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഗോപിനാഥിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പെരിങ്ങോട്ടുകുർശിയിലെ വീട്ടിലെത്തി ചർച്ച നടത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ.
കോണ്‍ഗ്രസിൽ രണ്ടു വിഭാഗം നേതാക്കളുണ്ട്. അണികളുള്ളവരും അണികളില്ലാത്തവരും. എന്നാൽ ഗോപിനാഥ് അണികളുള്ള, ജില്ലയിലെ കരുത്തുള്ള നേതാവാണ്. പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്തു. പ്രശ്ന പരിഹാരത്തിനു നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കെപിസിസി നേതൃത്വം ഗോപിനാഥുമായി വീണ്ടും ചർച്ച നടത്തും. രണ്ടു ദിവസത്തിനകം യുക്തമായ തീരുമാനമുണ്ടാകുമെന്നും അതുവരെ കടുത്ത നടപടികൾ ഗോപിനാഥിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കെ. സുധാകരൻ അഭിപ്രായപ്പെട്ടു. നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുമെന്ന് എ.വി. ഗോപിനാഥും അറിയിച്ചു.
ഇന്നലെ രാവിലെ പത്തോടെ പെരിങ്ങോട്ടുകുർശിയിലെ എ.വി. ഗോപിനാഥിന്റെ വീട്ടിലെത്തിയ കെ. സുധാകരൻ മുതിർന്ന നേതാക്കളായ വി.എസ്. വിജയരാഘവൻ, മുൻ എംഎൽഎമാരായ കെ.അച്യുതൻ, കെ.എ. ചന്ദ്രൻ എന്നിവരുമായി ചർച്ച നടത്തി. പിന്നീട് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനുമായി ദീർഘമായചർച്ചകൾക്കുശേഷമാണു ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തിയത്.
എ.വി. ഗോപിനാഥിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെരുങ്ങോട്ടുകുർശി പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് പ്രവർത്തകരും വീട്ടിലെത്തിയിരുന്നു.