ജലീലിന്റെ രാജിക്കു വഴിവച്ചതു കോടിയേരിയുടെ കർശന നിലപാട്
Wednesday, April 14, 2021 1:23 AM IST
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനു രാജിവയ്ക്കേണ്ടി വന്നതു സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കർക്കശ നിലപാടിനെത്തുടർന്ന്. ജലീലിന്റെ രാജിയെ സംബന്ധിച്ചു പാർട്ടിയിൽ ശക്തമായ രണ്ടഭിപ്രായം രൂപപ്പെട്ടെങ്കിലും കോടിയേരിയുടെ ഉറച്ച നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജലീലിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും കോടിയേരിക്കൊപ്പം ചേർന്നതോടെ തന്റെ വിശ്വസ്തനായ മന്ത്രി ജലീലിനെ പിണറായിക്കു കൈവിടേണ്ടി വന്നു. ഹൈക്കോടതി വിധിക്കു കാക്കാതെ രാജിവയ്ക്കാൻ ജലീലിനോടു നിർദേശിച്ചതും കോടിയേരി തന്നെയാണ്.
കെ.ടി. ജലീൽ മന്ത്രിയായി തുടരുന്നതു പൊതുസമൂഹത്തിനു മുന്നിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തൽ കോടിയേരിയടക്കമുള്ള സിപിഎം നേതാക്കൾക്കുണ്ടായിരുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മന്ത്രി എ.കെ. ബാലൻ ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടാണു സ്വീകരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവനും മന്ത്രിയെ പിന്തുണച്ചു. എന്നാൽ പാർട്ടി വേദികളിൽ ആലോചിക്കാതെ ഒരു പ്രധാനപ്പെട്ട വിഷയത്തിൽ വിജയരാഘവനും ബാലനും അഭിപ്രായം പറഞ്ഞതു ശരിയായില്ലെന്ന വിലയിരുത്തലായിരുന്നു കോടിയേരിക്കും എം.എ. ബേബിക്കും ഉണ്ടായിരുന്നത്. ഇക്കാര്യം ഇരുവരും കോവിഡ് ബാധിതനായി ചികിത്സയിലുള്ള മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.
ലോകായുക്ത വിധിയെ ചോദ്യം ചെയ്തു ജലീൽ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ തത്കാലം രാജിവയ്ക്കേണ്ടെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യം അദ്ദേഹം കോടിയേരിയെ അറിയിച്ചു. എന്നാൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്ക് മറിച്ചാണ് അഭിപ്രായമെന്നും മന്ത്രി രാജിവയ്ക്കുന്നതാണ് അഭികാമ്യമെന്നും പിണറായിയെ കോടിയേരി ധരിപ്പിച്ചു. ഇതിനിടയിൽ വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടപെട്ടു. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കോടിയേരിയേയും ബേബിയേയും അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു.
മന്ത്രിയെന്ന നിലയിലുള്ള കെ.ടി. ജലീലിന്റെ പ്രവർത്തനങ്ങളോടു പാർട്ടി സെക്രട്ടറിയായിരിക്കുന്പോൾ തന്നെ കോടിയേരി നീരസം പ്രകടിപ്പിച്ചിരുന്നു. ചില വിഷയങ്ങളിൽ പാർട്ടി വിരുദ്ധ നിലപാടു സ്വീകരിച്ച ജലീലിനെ എകെജി സെന്ററിൽ വിളിച്ചു വരുത്തി കോടിയേരി തിരുത്തുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ ഘടകങ്ങളിലൊന്നും അംഗമല്ലാത്ത ജലീലിനെ അപ്പോഴെല്ലാം കൂടെനിർത്തി സംരക്ഷിച്ചതു പിണറായിയായിരുന്നു.
ബന്ധുനിയമന വിവാദത്തെത്തുടർന്നാണു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മന്ത്രി ഇ.പി. ജയരാജനു രാജിവയ്ക്കേണ്ടി വന്നത്. വിവാദം ഉണ്ടായപ്പോൾതന്നെ അന്നു സിപിഎം ജയരാജനോടു രാജി ആവശ്യപ്പെടുകയായിരുന്നു. കേസിൽ കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയതിനെത്തുടർന്നു ജയരാജൻ വീണ്ടും മന്ത്രിയായി. അന്നു ജയരാജനു ലഭിക്കാത്ത ആനുകൂല്യം ഇപ്പോൾ ജലീലിന് എന്തിനു നൽകുന്നുവെന്ന പാർട്ടിക്കുള്ളിലെ ചോദ്യം തന്നെയാണു മുഖ്യമന്ത്രി പിണറായി വിജയനെ സമ്മർദത്തിലാക്കിയത്.
എം.പ്രേംകുമാർ