അക്രമികളെ പോലീസ് താക്കീതിൽ ഒതുക്കരുതെന്നു വനിതാ കമ്മീഷൻ
Friday, June 18, 2021 2:01 AM IST
മലപ്പുറം: പെരിന്തൽമണ്ണയിൽ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായതായി സംസ്ഥാന വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരേ യുവതിയുടെ വീട്ടുകാരിൽനിന്നു നേരത്തെ പരാതി ലഭിച്ചിട്ടും നിയമനടപടിയെടുക്കാതിരുന്നത് ശരിയായില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പത്രക്കുറിപ്പിൽ പറഞ്ഞു.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മീഷൻ ഗൗരവത്തോടെ കാണുന്നു. ഇത്തരം പരാതികളിൽ വീഴ്ചകൂടാതെ അന്വേഷണം നടത്തുന്നതു സംബന്ധിച്ച വനിതാ കമ്മീഷന്റെ ശിപാർശ സർക്കാരിനു സമർപ്പിക്കും. ഈ സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കമ്മീഷൻ മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പെണ്‍കുട്ടികളുടെ രക്ഷിതാക്കൾ ആവർത്തിച്ചു നൽകുന്ന പരാതികളിൽ പ്രത്യേകിച്ചും പ്രതികൾ ലഹരിവസ്തുക്കൾക്ക് അടിമയും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെങ്കിൽ പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി. ജോസഫൈൻ പറഞ്ഞു.