മന്ത്രിമാർക്കായി പരിശീലന ക്ലാസ് : ആത്മവിശ്വാസം ഇരട്ടിച്ചെന്നു മന്ത്രിമാർ
Thursday, September 23, 2021 1:07 AM IST
തിരുവനന്തപുരം: മൂന്നു ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയിലൂടെ ആത്മവിശ്വാസം ഇരട്ടിച്ചതായി മന്ത്രിമാർ. പ്രായഭേദം മറന്നു മന്ത്രിമാരെല്ലാം അച്ചടക്കത്തോടെ ക്ലാസുകളിൽ ഇരുന്നെന്ന് അധ്യാപകർ. ഭരണ വിഷയങ്ങളിലടക്കം മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി മൂന്നു ദിവസമായി ഐഎംജിയുടെ നേതൃത്വത്തിൽ നടന്നുവന്ന പരിശീലന പരിപാടി ഇന്നലെ സമാപിച്ചു. ആകെ 12 മണിക്കൂർ മന്ത്രിമാർ ക്ലാസിലിരുന്നു.
രാഷ്ട്രീയരംഗത്തെ അനുഭവത്തിൽ നിന്നു പഠിച്ചതിനു പുറമേ ഇനിയുള്ള ഓട്ടത്തിന് പരിശീലനം ഇന്ധനം പകരുമെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ക്ലാസുകളിലൂടെ ആത്മവിശ്വാസം വർധിപ്പിക്കാനായതായി മന്ത്രി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ജനങ്ങൾക്കിടയിൽ കൂടുതൽ ഇറങ്ങി പ്രവർത്തിക്കാൻ പരിശീലനം സഹായിക്കും. ഒരുപാട് പുതിയ കാര്യങ്ങൾ മനസിലാക്കാനായി.
മന്ത്രിമാർ ഏതെല്ലാം വിഷയങ്ങളിൽ ഇടപെടണം, ഏതൊക്കെ തരത്തിൽ പ്രവർത്തിക്കണം, എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങി വിവിധ കാര്യങ്ങൾ പ്രതിപാദിക്കുന്നതായിരുന്നു ക്ലാ സുകൾ. ഓരോ മേഖലയിലെയും പരിചയ സന്പന്നരാണ് സംവദിച്ചത്. ടൈം മാനേജ്മെന്റ്, ആസൂത്രണം എന്നിവയെക്കുറിച്ചും പുതിയ കാഴ്ചപ്പാട് നൽകുന്നതായിരുന്നുവെന്നും മന്ത്രിമാർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമായിരുന്നു പരിശീലന പരിപാടി . രാവിലെ 9.30 മുതൽ ദിവസം മൂന്നു സെഷനുകളിലായി ഉച്ചവരെയായിരുന്നു ക്ലാസ്. 20ന് മുഖ്യമന്ത്രിയാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്. ആദ്യ ദിനത്തിലെ ആദ്യ സെഷനിലും അവസാന ദിനത്തിലെ അവസാന സെഷനിലും മുഖ്യമന്ത്രിയും പങ്കെടുത്തു.
നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് അവസാന സെഷനിൽ സംസാരിച്ചത്. പദ്ധതികൾ സമയബന്ധിതമായി തീർക്കുന്നതിനും ഒപ്പമുള്ളവരെ പ്രചോദിപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാം ഫലപ്രദമായ പരിശീലന സെഷനുകളുണ്ടായിരുന്നു.