പന്പയിലെ ജലനിരപ്പിൽ നേരിയ വർധന
Tuesday, October 19, 2021 1:29 AM IST
പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ കക്കി - ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നതോടെ പന്പാനദിയിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. രണ്ടു മണിക്കൂറിനുശേഷം പന്പ ത്രിവേണിയിലാണ് വെള്ളത്തിന്റെ അളവ് ആദ്യം പരിശോധിച്ചത്. 10 സെന്റിമീറ്ററിലധികം വെള്ളം ഉയർന്നില്ലെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തിയത്.
ഇന്നലെ മഴ മാറി നിന്നിരുന്നതിനാൽ നദിയിലെ ജലനിരപ്പ് കുറഞ്ഞുവന്നിരുന്നു. അതിനിടെ അപ്പർകുട്ടനാട്, കുട്ടനാട് മേഖലകളിൽ വെള്ളം ഉയർന്നു നിൽക്കുന്നതിനാൽ പന്പയിലെ ജലനിരപ്പ് വീണ്ടും കൂടുന്നതു മൂലമുണ്ടാകുന്ന കെടുതികൾ നേരിടാനുള്ള മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.
കക്കിയിൽനിന്നുള്ള വെള്ളം ഇന്നു രാവിലെയോടെ മാത്രമേ കുട്ടനാട് ഭാഗത്തേക്ക് എത്താനിടയുള്ളൂ. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ ഇന്നലെ പത്തനംതിട്ടയിലും ആലപ്പുഴയിലും ചേർന്നു.