ചാസിന്റെ അമ്മ ഫുഡ് പ്രോഡക്ട്സിൽ ക്രിസ്മസ് കേക്ക് മേള
Sunday, November 28, 2021 12:47 AM IST
മല്ലപ്പള്ളി: ചങ്ങനാശേരി ചാസിനു കീഴിൽ കേന്ദ്ര ഖാദി കമ്മീഷന്റെ അംഗീകാരത്തോടെ മല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന അമ്മ ഫുഡ് പ്രൊഡക്ടിൽ പുതുതായി സ്ഥാപിച്ച റോട്ടറി ഓവന്റെ വെഞ്ചെരിപ്പും ക്രിസ്മസ് കേക്കുകളുടെ വിപണനമേളയും ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് ആദ്യവിൽപന സ്വീകരിച്ചു.
ചാസ് ഡയറക്ടർ ഫാ. തോമസ് കുളത്തുങ്കൽ അധ്യക്ഷ പ്രസംഗം നടത്തി. ഖാദി ചാസ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ സ്വാഗതവും പ്രിൻസിപ്പൽ ജയിംസ് കുഴിക്കാട്ട് നന്ദിയും പറഞ്ഞു. ജനറൽ മാനേജർ ജോൺ സക്കറിയാസ്. അസി. മാനേജർ പീറ്റർ ചാക്കോ , പ്രോജക്ട് ഓഫീസർ ജോബി മാത്യു, മാർക്കറ്റിംഗ് മാനേജർ ബിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു.
ഇടവകകൾ, സ്കൂളുകൾ, ഷോറൂമുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, വ്യക്തികൾ തുടങ്ങിയവർക്ക് ഓർഡർ അനുസരിച്ച് ഡിസംബർ ഒന്നു മുതൽ മിതമായ നിരക്കിൽ കേക്കുകൾ ലഭ്യമാക്കും.
ചാസിന്റെ കോട്ടയം, ചങ്ങനാശേരി, മല്ലപ്പള്ളി, പള്ളിക്കുട്ടുമ്മ ഷോ റൂമുകളിൽ പ്ലം, കാരറ്റ്, ജാക്ക് ഫ്രൂട്ട്, മാർബിൾ, ഷുഗർ ഫ്രീ കേക്കുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9744193238, 9447054125.