ഇടുക്കിയിലെ രണ്ടാം വൈദ്യുത പദ്ധതി: സാധ്യതാപഠന റിപ്പോർട്ട് സർക്കാരിന് കൈമാറി
Tuesday, November 30, 2021 1:40 AM IST
തിരുവനന്തപുരം: ഇടുക്കി മൂലമറ്റത്ത് നിലവിലുള്ള പവർ ഹൗസിന് സമീപത്തായി പുതിയ ഭൂഗർഭവൈദ്യുതി നിലയം സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള സാധ്യതാപഠന റിപ്പോർട്ട് വൈദ്യുതി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കൈമാറി.
2028-ൽ കമ്മീഷൻ ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഈ പദ്ധതിയുടെ സാധ്യതാപഠന റിപ്പോർട്ട് വൈദ്യുതി വകുപ്പ് തയാറാക്കിയത്. ഇടുക്കി സംഭരണിയിൽനിന്ന് കുളമാവു വഴി തുരങ്കത്തിലൂടെ പുതിയ പവർ ഹൗസിൽ വെള്ളമെത്തിക്കുകയാണ് ലക്ഷ്യം.
നിലവിലുള്ള സംഭരണകേന്ദ്രത്തിൽ നിന്നുതന്നെ വൈദ്യുതി ഉത്പാദനത്തിനായുള്ള വെള്ളം കണ്ടെത്താൻ കഴിയുമെന്നതിനാൽ കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല .
അതിനാൽ കേന്ദ്രത്തിൽനിന്നും പദ്ധതിക്ക് വേഗത്തിൽ അനുമതി ലഭിക്കുമെന്ന വിശ്വാസമാണ് വൈദ്യുതി വകുപ്പിന്. 200 മെഗാവാട്ടിന്റെ നാലു ജനറേറ്ററുകൾ ഉൾപ്പെടുന്ന പവർ ഹൗസാണ് വിഭാവനം ചെയ്യുന്നത്. 2700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാലു ജനറേറ്ററുകളിൽകൂടി 800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം.
കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടെയും കേന്ദ്ര ജലകമ്മീഷന്റെയും പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിനാവശ്യമായ ഒൻപത് അനുമതികൾ 2023 ഓടെ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. രണ്ടാം ഘട്ട പാരിസ്ഥിതിക അനുമതി 2023 മാർച്ചിൽ ലഭ്യമാക്കി ടെൻഡർ നടപടികൾ ആരംഭിച്ച് ആ വർഷംതന്നെ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ലക്ഷ്യം.