മഴക്കാലത്ത് അമിത വേഗം വേണ്ട: മുന്നറിയിപ്പുമായി പോലീസ്
Monday, May 16, 2022 2:01 AM IST
കോഴിക്കോട്: മഴക്കാലമാണ്... റോഡില്‍ പലയിടത്തും പ്രവൃത്തികളും നടക്കുന്നു. ഈ സാഹചര്യത്തില്‍ വാഹനാപകടസാധ്യത ഏറെയാണെന്ന മുന്നറിയിപ്പുമായി പോലീസ്.
ദേശീയപാതയില്‍ ഉള്‍പ്പെടെ വീതികൂട്ടുന്ന പ്രവൃത്തികളാണു നടക്കുന്നത്. ഇതുമൂലം ഗതാഗതകുരുക്കും രൂക്ഷമാണ്. എന്നാല്‍ സമയനഷ്ടം മറികടക്കാന്‍ അമിതവേഗത്തിലുള്ള ഡ്രൈവിംഗ് അപകടം ക്ഷണിച്ചുവരുത്തുമെന്നാണു ട്രാഫിക് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.
മഴക്കാലത്തെ ഡ്രൈവിംഗിനിടെ ഡ്രൈവറുടെ കാഴ്ചയ്ക്ക് തടസമാകുന്ന സംഗതികള്‍ അപകടത്തിനു കാരണമാകാറുണ്ട്. വൈപ്പര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കണം.
കനത്ത മഴയുള്ളപ്പോള്‍ ഹെഡ്ലൈറ്റിട്ട് വാഹനം ഓടിക്കാന്‍ ശ്രമിക്കണം. വലിയ വാഹനങ്ങളുടെ തൊട്ടുപിന്നില്‍ വാഹനമോടിച്ചാല്‍ മുന്നിലെ വാഹനങ്ങളുടെ ടയറുകളില്നിന്നു ചെളി തെറിച്ച് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകും. അതുകൊണ്ടു വലിയ വാഹനങ്ങളില്‍നിന്നു നിശ്ചിത അകലം പാലിച്ചു മാത്രം വാഹനം ഓടിക്കുക.
മഴക്കാലത്ത് റോഡില്‍ നാം പ്രതീക്ഷിക്കുന്ന ഗ്രിപ്പ് കിട്ടതാകുന്നതോടെ ബ്രേക്ക് ചവിട്ടിയാലും വാഹനം മുന്നോട്ടു നീങ്ങുന്നതിനിടയാകുമെന്നും മഴക്കാലം തുടങ്ങുന്നതോടെ ഇത്തരം അപകടങ്ങള്‍ പതിവായി ഉണ്ടാകാറുണ്ടെന്നും പോലീസ് ഓർമപ്പെടുത്തുന്നു.