അർത്തുങ്കൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി
Friday, August 12, 2022 1:08 AM IST
ചേർത്തല: അർത്തുങ്കൽ ഫിഷ് ലാൻഡിംഗ് സെന്ററിനു സമീപം ആയിരംതൈയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാർഥികളിൽ മൂന്നുപേരാണ് തിരയിൽപ്പെട്ടത്. ഇവരിൽ ഒരാളെ രക്ഷപ്പെടുത്തി. കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാംവാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി (16), 12-ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖ് (16) എന്നിവരെയാണ് കാണാതായത്.
കടൽ ശക്തമായതിനാൽ തിരച്ചിൽ നടത്താനായിട്ടില്ല. കടക്കരപ്പള്ളിയിലെ സ്കൂളിൽ പത്താം ക്ലാസ്കഴിഞ്ഞു പ്ലസ് വണ്‍ പ്രവേശനം കാത്തുനിൽക്കുന്നവരാണ് വിദ്യാർഥികൾ. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ആറംഗസംഘം തീരത്തെത്തിയതെന്നാണ് വിവരം.
ഇതിൽ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഉടൻതന്നെ ഇവർ തിരയിൽപെടുകയായിരുന്നു. വെള്ളത്തിൽ മുങ്ങിത്താണ ഇവർ സഹായത്തിനു കരഞ്ഞെങ്കിലും കരയിലുള്ളവർ നിസഹായരായി. ഇവർ ബഹളം വച്ചതിനെ തുടർന്നാണ് മത്സ്യത്താഴിലാളികൾ എത്തി ഒരാളെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും രണ്ടുപേരും മുങ്ങിത്താണിരുന്നു.