ഗവർണർ ഒരുക്കിയ ചായസൽക്കാരത്തിൽ കുടുംബസമേതം പങ്കെടുത്ത് മുഖ്യമന്ത്രി
Saturday, January 28, 2023 1:09 AM IST
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ചായസൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം പങ്കെടുത്തു.
26ന് വൈകുന്നേരം 6.25നോടെ ഭാര്യ കമലയ്ക്കും കൊച്ചുമകൻ ഇഷാനുമൊപ്പം രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി 6.45 നാണു മടങ്ങിയത്. തിരക്കിൽനിന്നുമാറി ഗവർണറും മുഖ്യമന്ത്രിയും അല്പസമയം സ്വകാര്യസംഭാഷണം നടത്തി.
മുഖ്യമന്ത്രി മടങ്ങിയപ്പോൾ കാറിനു സമീപമെത്തി ഗവർണർ നല്ല ആതിഥേയനായി. വൈകുന്നേരം ആറരയ്ക്ക് നടന്ന സൽക്കാരത്തിനു ഭിന്നശേഷിക്കാരായ കുട്ടികളെയും ക്ഷണിച്ചിരുന്നു. സൽക്കാരത്തിന് എത്തിയവരിൽ മിക്കവരും ഗവർണർക്കൊപ്പം സെൽഫി എടുത്ത ശേഷമാണു മടങ്ങിയത്.
സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി ജി.ആർ. അനിൽ, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, സായുധസേനാ ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- ബിസിനസ് രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.