ഞങ്ങളോടൊപ്പമുണ്ടായിരുന്ന റോഷി അഗസ്റ്റിൻ ഇങ്ങനെയല്ല: വി.ഡി. സതീശൻ
Wednesday, February 8, 2023 12:30 AM IST
തിരുവനന്തപുരം: ഞങ്ങളോടൊപ്പം (യുഡിഎഫിനൊപ്പം) ഉണ്ടായിരുന്ന റോഷി അഗസ്റ്റിൻ ഇങ്ങനെയായിരുന്നില്ല. മന്ത്രി ആയതുകൊണ്ടോ അപ്പുറത്തു (എൽഡിഎഫിൽ) പോയതുകൊണ്ടോ ആകാം ഇത്തരത്തിൽ ചതുരോപായത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന തരത്തിലുള്ള മറുപടികൾ നൽകുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വെള്ളക്കരം ഉയർത്താനുള്ള തീരുമാനം സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യവേയായിരുന്നു പ്രതിപക്ഷ നേതാവിന്റെ കമന്റ്.
ജല അഥോറിറ്റി ഒട്ടും പ്രഫഷണലിസം ഇല്ലാത്ത പൊതുമേഖലാ സ്ഥാപനമായി മാറിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു കോണ്ഗ്രസ് അനുകൂല യൂണിയനുകൾ അടക്കമുള്ളവരെ മോശക്കാരായി ചിത്രീകരിക്കുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടിയിരുന്നു.
മന്ത്രിയുടെ ഈ പരമാർശത്തിനായിരുന്നു സതീശന്റെ മറുപടി. പൊതുമേഖലാ സ്ഥാപനത്തിന്റെ പരാജയത്തെക്കുറിച്ചു പറഞ്ഞു പരിഹരിക്കാൻ ശ്രമിക്കുന്പോൾ, ജീവനക്കാരെയെല്ലാം ശത്രുക്കളാക്കി മാറ്റാനുള്ള ചതുരോപായമാണു മന്ത്രി പയറ്റുന്നത്.
ജല അഥോറിറ്റിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്പോൾ, ജീവനക്കാരെയെല്ലാം മോശക്കാരാക്കിയെന്നു വ്യാഖ്യാനിക്കേണ്ടതില്ലെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം പി.സി. വിഷ്ണുനാഥിന്റെ പരാമർശത്തിനു മന്ത്രി നൽകിയ മറുപടിയും ചർച്ചയിൽ ഉന്നയിച്ചു.
സർക്കാർ ഗ്രാന്റ് നൽകാതെയും കുടിശിക പിരിക്കാതെയുമുള്ള നടപടികൾ തുടർന്നതിന്റെ പാപഭാരം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്ന നടപടിയാണു സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.