സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു
Wednesday, March 22, 2023 12:51 AM IST
തിരുവനന്തപുരം: നിയമസഭയുടെ നടുത്തളത്തിൽ പ്രതിപക്ഷാംഗങ്ങൾ സത്യഗ്രഹം ആരംഭിച്ചതിനു പിന്നാലെ ഏഴു ദിവസത്തെ സഭാ നടപടികൾ ഗില്ലറ്റിൻ പ്രയോഗത്തിലൂടെ ഒരുമിച്ചു പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു.
ഇന്നലെ ചർച്ചയ്ക്കു നിശ്ചയിച്ചിരുന്ന ധനാഭ്യർഥനകൾ കൂടാതെ ധനബിൽ ഉൾപ്പെടെ ആറു ബില്ലുകൾ കൂടി പാസാക്കി നിശ്ചയിച്ചിരുന്ന ബിസിനസുകൾ മുഴുവൻ പൂർത്തിയാക്കിയാണു സഭ പിരിഞ്ഞത്. ഈ മാസം 30 വരെ സഭ ചേരാനാണു തീരുമാനിച്ചിരുന്നത്.
ഇന്നലെ രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ പ്രതിപക്ഷത്തെ അഞ്ച് അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ഇരിക്കാൻ പോകുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു. തുടർന്നു പ്രതിപക്ഷാംഗങ്ങളും നടുത്തളത്തിൽ ഇരുന്ന് മുദ്രാവാക്യം മുഴക്കി.
ഈ സമയം ചോദ്യോത്തരവേള പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആറു മിനിറ്റ് സമയം മാത്രം അവശേഷിക്കുന്പോൾ ചോദ്യോത്തരവേള സസ്പെൻഡ് ചെയ്യുകയാണെന്നും മറ്റു നടപടികളിലേക്കു കടക്കുകയാണെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
തുടർന്നു ധനാഭ്യർഥനകൾ പാസാക്കിയതിനു ശേഷം, അവശേഷിക്കുന്ന ദിവസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന സമ്മേളനങ്ങൾ ഒഴിവാക്കി ആ ദിവസങ്ങളിലെ ബിസിനസുകൾ ഒരുമിച്ചു പാസാക്കുന്നതിനായി ചട്ടം ഇളവു ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.
ധനബില്ലും ധനവിനിയോഗ ബില്ലും പാസാക്കിയ സഭ കേരള പഞ്ചായത്ത് ഭേദഗതി, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകളും കേരള സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും ഭേദഗതി ബില്ലും പാസാക്കി.