സാന്പത്തിക പ്രതിസന്ധി അതിരൂക്ഷം: ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങളും നീട്ടി
Saturday, April 1, 2023 1:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു സാന്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെ തുടർന്നു സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങളും നീട്ടി ധനവകുപ്പ് ഉത്തരവിറക്കി.
ജൂണ്‍ 30 വരെയാണ് ലീവ് സറണ്ടർ ആനുകൂല്യങ്ങൾ നീട്ടിയത്. ശന്പള പരിഷ്കരണ കുടിശിക നീട്ടിയതിനു പിന്നാലെയാണ് ലീവ് സറണ്ടർ ആനുകൂല്യങ്ങളും നീട്ടി ഉത്തരവിറക്കിയത്.
സാന്പത്തിക വർഷം തുടങ്ങുന്ന ഇന്നു മുതൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഏണ്‍ഡ് ലീവ് സറണ്ടർ ചെയ്തു പണമാക്കാൻ അപേക്ഷ നൽകാമെന്നാണു വ്യവസ്ഥ. ഇതാണ് മൂന്നു മാസത്തേക്കു കൂടി നീട്ടിയത്. 2022-23 ലെ ലീവ് സറണ്ടർ പിഎഫിൽ ലയിപ്പിക്കാനായിരുന്നു തിരുമാനം. 2027 ൽ മാത്രമേ ലയിപ്പിച്ച തുക പിൻവലിക്കാവൂവെന്ന ഉത്തരവും ധനവകുപ്പ് ഇറക്കിയിരുന്നു.
കോവിഡിനു ശേഷം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഒഴികെയുള്ളവർക്ക് ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പണമായി നൽകുന്നത് ഒഴിവാക്കിയിരുന്നു.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, മുനിസിപ്പൽ കണ്ടിജന്റ് എംപ്ലോയീസ്, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സർക്കാർ ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിലെ അറ്റന്റർമാരും പാചകക്കാരും അടക്കമുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കി.