ഡ്രൈവിംഗ് ലൈസന്‍സിന് കൈക്കൂലി: എംവിഐക്ക് സസ്പെന്ഷന്
Saturday, June 3, 2023 1:52 AM IST
കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആർ. പ്രസാദിനെ സര്‍വീസില്‍നിന്നു അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ആണ് ഉത്തരവിറക്കിയത്. കാഞ്ഞങ്ങാട് സബ്ആര്ടി ഓഫീസിന്റെ ടെസ്റ്റ് ഗ്രൗണ്ടായ ഗുരുവനത്ത് ഏജന്റുമാര്‍ ലൈസന്‍സ് എടുക്കാനെത്തുന്ന അപേക്ഷകരില്‍നിന്നു ടൂവീലറിന് 250 രൂപ, ഫോര്‍ വീലറിന് 400 രൂപ എന്ന ക്രമത്തില്‍ പിരിച്ചെടുത്ത് എംവിഐക്കു കൈമാറുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2021 സെപ്റ്റംബര്‍ 29ന് വിജിലന്‍സ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഗുരുവനത്ത് മിന്നല്‍ പരിശോധന നടത്തിയിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുള്ള കെട്ടിടസൗകര്യം ഉപയോഗപ്പെടുത്തി ഏജന്റുമാര്‍ അനധികൃതമായി അപേക്ഷകരില്‍നിന്നു നേരിട്ടും ഡ്രൈവിംഗ് സ്കൂള്‍ മുഖേനയും പണം പിരിച്ചെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എംവിഐ കെ.ആർ.പ്രസാദിനും മറ്റ് ആര്‍ടി ഉദ്യോഗസ്ഥര്‍ക്കും നല്കാന് വച്ചതുമായ 2,69,960 രൂപ കണ്ടെത്തി.
റൂബി ഡ്രൈവിംഗ് സ്കൂളിലെ നൗഷാദ്, എബിസി ഡ്രൈവിംഗ് സ്കൂളിലെ റമീസ് എന്നിവരുടെ പക്കല്‍നിന്നാണു തുക കണ്ടെത്തിയത്. എംവിഐയുടെ കൈവശം സൂക്ഷിക്കേണ്ടതായ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകള്‍ നൗഷാദിന്റെ പക്കല്‍നിന്നു കണ്ടെത്തി.
ഡ്രൈവിംഗ് സ്കൂളുകളുടെ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കുന്നത് ഏജന്റുമാര്‍ ദുരുപയോഗം ചെയ്യുന്നതായും പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് ആരോപണവിധേയനായ എംവിഐയെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവായത്. സസ്പെന്ഷന് കാലയളവില്‍ ഉദ്യോഗസ്ഥനു ചട്ടപ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.