മെഡിക്കല്‍ വിദ്യാഭ്യാസവികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും: അമിത് ഷാ
Monday, June 5, 2023 12:59 AM IST
കൊച്ചി: മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വൈദ്യശാസ്ത്രരംഗത്തെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെമ്പാടുമായി 22 പുതിയ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കാമ്പസുകള്‍ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ഇടപ്പള്ളി അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആതുരസേവന രംഗത്ത് ലോകത്തിനു തന്നെ മാതൃകയാകാന്‍ അമൃത ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്കിയ അമൃത വൈദ്യശാസ്ത്രരംഗത്തെ മികവിലും ഗവേഷണത്തിലും റിക്കാര്‍ഡ് നേട്ടമാണു സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം അമൃതപുരിയിലും കൊച്ചിയിലും ആരംഭിക്കുന്ന അമൃതയുടെ റിസര്‍ച്ച് സെന്ററുകളുടെ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
ആരോഗ്യമെന്നത് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണെന്നും ക്ഷമയോടും സ്നേഹത്തോടുമുള്ള പരിചരണം ഏറ്റവുമധികം അര്‍ഹിക്കുന്നവര്‍ രോഗികളാണെന്നും ചടങ്ങില്‍ നല്കിയ വീഡിയോ സന്ദേശത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞു. മന്ത്രി പി. പ്രസാദ് പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മാതാ അമൃതാനന്ദമയീമഠം വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദപുരി, അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ്, അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.