അനുമതി കാത്ത് ഏഴു ബില്ലുകളും രണ്ട് ഓർഡിനൻസും
Thursday, November 30, 2023 1:56 AM IST
തിരുവനന്തപുരം: ഇനി പരിഗണനയിലുള്ള ബില്ലുകളിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനു പിന്നാലെ ഗവർണറുടെ മുന്നിലുള്ളത് നിയമസഭ പാസാക്കിയ ഏഴു ബില്ലുകളും രണ്ട് ഓർഡിനൻസുകളും.
കൂടാതെ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷന്റെയും രണ്ട് പിഎസ്സി അംഗങ്ങളുടെയും നിയമന ശിപാർശയും ഗവർണറുടെ പരിഗണനയിലുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞു മഹാരാഷ്ട്രയിലേക്കു പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇതിനു മുൻപ് ഏതാനും ബില്ലുകളിൽ ഒപ്പിട്ടേക്കുമെന്നും പറയപ്പെടുന്നു.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ, അബ്കാരി നിയമഭേദഗതി ബിൽ, കേരള ക്ഷീരകർഷക ക്ഷേമനിധി ബിൽ, ചില കോർപറേഷനുകളിലെയും കന്പനികളിലെയും നിയമനം പിഎസ്സിക്കു വിടുന്ന രണ്ടാം ഭേദഗതി ബിൽ, കേരള ബിൽഡിംഗ് ടാക്സ് ബിൽ, ധന ബിൽ, ഭൂമി പതിച്ചു കൊടുക്കൽ നിയമ ഭേദഗതി ബിൽ എന്നിവയാണ് ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവനിലുള്ളത്.