കേരള സർവകലാശാല സെനറ്റ് ; നടപടികൾ ഗവർണർ റദ്ദാക്കിയേക്കും
Saturday, February 24, 2024 1:45 AM IST
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ച കേരള സർവകലാശാല സെനറ്റ് നടപടികൾ ഗവർണർ റദ്ദാക്കിയേക്കുമെന്നു സൂചന. അടുത്ത ദിവസങ്ങളിൽ ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിവരം.
മന്ത്രി ബിന്ദുവിനെതിരേ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നൽകിയ റിപ്പോർട്ട് ഗവർണറുടെ പരിഗണനയിലാണ്. സർവകലാശാലാ പ്രതിനിധിയില്ലാതെ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റിയുണ്ടാക്കി വൈസ് ചാൻസലർ നിയമനത്തിലേക്കു ഗവർണർ കടക്കുമോ എന്ന സംശയവും ഇടത് കേന്ദ്രങ്ങളിലുണ്ട്.
വിഷയത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. എന്നാൽ വൈസ് ചാൻസലർ നിയമന വിഷയത്തിൽ ഗവർണർക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരള സർവകലാശാലയിലെ ഇടത് സെനറ്റ് അംഗങ്ങൾ.
അതേസമയം, കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നടന്നതിന്റെ വിരുദ്ധമാണ് വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ ഉള്ളതെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു.
മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അവിടെ നടന്നതിന്റെ മിനിറ്റ്സ് കൃത്യമായി ഉണ്ട്. വിസിക്ക് രാജ്ഭവൻ സംരക്ഷണം ഒരുക്കുന്നു എന്നതു വ്യക്തമാണ്. അതിനു മറുപടി പറഞ്ഞ് തന്റെ നിലവാരം താഴ്ത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാലിക്കട്ട്, സംസ്കൃത, ഡിജിറ്റൽ, ഓപ്പണ്‍ സർവകലാശാല വൈസ് ചാൻസലർമാരുടെ ഭാവി സംബന്ധിച്ചും ഗവർണർ തീരുമാനമെടുക്കേണ്ടതുണ്ട്. കോടതി നിർദേശത്തെ തുടർന്ന് പുറത്താക്കൽ നോട്ടീസ് നൽകിയ കാലിക്കട്ട്, സംസ്കൃത, ഡിജിറ്റൽ, ഓപ്പണ്‍ സർവകലാശാല വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഗവർണർ ഇന്നു നടത്തുന്നുണ്ട്.