വൈസ് ചാൻസലർ സ്ഥാനത്തു തുടരാൻ യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധികൾ
Sunday, February 25, 2024 12:13 AM IST
തിരുവനന്തപുരം: യുജിസി ചട്ടങ്ങൾ ലംഘിച്ചുള്ള നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ സ്ഥാനത്തു തുടരാൻ യോഗ്യത ഇല്ലെന്ന് ഗവർണർ നടത്തിയ ഹിയറിംഗിൽ യുജിസി പ്രതിനിധികൾ വ്യക്തമാക്കി. യുജിസി തീരുമാനം എഴുതി ലഭിക്കുന്ന മുറയ്ക്കു വിസിമാരുടെ കാര്യത്തിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ തീരുമാനം എടുക്കും.
യുജിസി ചട്ടങ്ങൾ ലംഘിച്ചു നിയമനം ലഭിച്ച നാല് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഗവർണർ നടത്തുന്നതിനു മുന്നേ ഓപ്പണ്‍ സർവകലാശാല വിസി ഡോ. മുബാറക് പാഷ രാജിവച്ചു. രാജി കഴിഞ്ഞ ദിവസം ഗവർണർക്കു സമർപ്പിച്ചെങ്കിലും അദ്ദേഹം അംഗീകരിച്ചിട്ടില്ല. കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ സർവകലാശാലാ വിസിമാരുടെ ഹിയറിംഗാണ് ഇന്നലെ നടത്തിയത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ്,സംസ്കൃത, ഡിജിറ്റൽ, ഓപ്പണ്‍ സർവകലാശാലാ വിസിമാർക്ക് ഹിയറിംഗിനു ഗവർണർ നോട്ടീസ് അയച്ചത്. ഡിജിറ്റൽ സർവകലാശാല വിസി ഡോ.സജി ഗോപിനാഥ് നേരിട്ട് ഹാജരായി.
കാലിക്കറ്റ് വിസി ഡോ. എം.കെ. ജയരാജിനു വേണ്ടി അഭിഭാഷകൻ ഹാജരായി. സംസ്കൃത വിസി ഡോ.ടി.കെ. നാരായണനായി അഭിഭാഷകൻ ഓണ്‍ലൈനായി പങ്കെടുത്തു. രണ്ടുദിവസം മുൻപ് രാജി സമർപ്പിച്ച സാഹചര്യത്തിൽ ഓപ്പണ്‍ സർവകലാശാല വിസി ഡോ. മുബാറക് പാഷയോ അഭിഭാഷകനോ ഹാജരായില്ല.
ഇവർക്കെതിരേയുള്ള തുടർ നടപടിയുടെ കാര്യത്തിൽ ഗവർണറാണ് അന്തിമ തീരുമാനമെടുത്തത്. ഇന്നലെ വൈകുന്നേരം ചെന്നൈയിലേക്ക് പോയ ഗവർണർ ഇന്നു രാത്രി തിരുവനന്തപുരത്തു മടങ്ങിയെത്തും. നാളെ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.