തദ്ദേശ സ്ഥാപനങ്ങൾക്ക് ആദ്യഗഡുവായി 1905 കോടി അനുവദിച്ചു
Thursday, April 18, 2024 1:55 AM IST
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഈ സാന്പത്തിക വർഷത്തെ പദ്ധതി അടങ്കലിൽ ആദ്യഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1905 കോടി രൂപയാണ് അനുവദിച്ചത്. ഇതോടെ സാന്പത്തിക വർഷത്തിന്റെ ആദ്യമാസത്തിൽ തന്നെ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങാനാകും.
ഇതിൽനിന്ന് ഗ്രാമപഞ്ചായത്തുകൾക്ക് 1000 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും 245 കോടി വീതവും മുനിസിപ്പാലിറ്റികൾക്ക് 193 കോടിയും കോർപറേഷനുകൾക്ക് 222 കോടി രൂപയുമാണ് ലഭിക്കുക.
തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഗ്രാന്റിന്റെ ആദ്യ ഗഡുവായി 1377 കോടി രൂപ കഴിഞ്ഞയാഴ്ച അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതി അടങ്കലിൽ നിന്നും തുക അനുവദിച്ചത്.
സംസ്ഥാന സർക്കാരിന്റെ സാന്പത്തിക പ്രയാസങ്ങൾക്കിടയിലും സാന്പത്തിക വർഷത്തിൽ ആദ്യമാസത്തിൽതന്നെ 3282 കോടി രൂപയാണ് ലഭ്യമാക്കിയത്. റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപണികൾ മുതൽ വാർഷിക പദ്ധതി പ്രവർത്തനങ്ങൾവരെ ആദ്യമാസംതന്നെ ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും.